ശക്തമായ കാറ്റ്; വ്യാപകനാശം

ആലങ്ങാട്: ശക്തിയായ കാറ്റില്‍ കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ പലയിടത്തും നാശനഷ്ടം. മരച്ചില്ലകള്‍ ഒടിഞ്ഞുവീണും വൈദ്യുതി പോസ്റ്റ് തകര്‍ന്നും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വെളിയത്തുനാട്ട് നാലിടത്ത് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പ്രദേശത്ത് ശനിയാഴ്ച രാത്രി മുതല്‍ വൈദ്യുതിബന്ധം നിലച്ചു. ഞായറാഴ്ച വൈകിയും അറ്റകുറ്റപ്പണി നടക്കുകയാണ്. കാറ്റില്‍ വെസ്റ്റ് വെളിയത്തുനാട്ടില്‍ വിവിധ ഭാഗങ്ങളില്‍ കൃഷിനാശം. ഏത്തവാഴ കര്‍ഷകരെയാണ് കാറ്റ് സാരമായി ബാധിച്ചത്. പാട്ടത്തിനെടുത്തും സ്വന്തമായ സ്ഥലത്തും കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇതോടെ ദുരിതത്തിലായി. പുത്തന്‍ പറമ്പില്‍ ജാഫറിന്‍െറയും കോന്നംപറമ്പ് ഷംസുദ്ദീന്‍െറയും തോട്ടത്തിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഇവരുടെ നൂറുകണക്കിന് വാഴകളാണ് നശിച്ചത്. കൊടിയന്‍പറമ്പില്‍ റഷീദ്, അകത്തൂട്ട് അജി, ചാത്തന്‍കോടം മുഹമ്മദാലി, പാമടത്ത് ശ്രീധരന്‍ നായര്‍, മാടശേരി ഖാലിദ്, മാഞ്ചേരി ലൈല കാസിം, താഹിറ ഷംസുദ്ദീന്‍, മുക്കത്ത് ജമീല, പാമടത്ത് സുകുമാരന്‍, പീടികപ്പറമ്പ് സോമന്‍, പറേലിപ്പള്ളം ഷമീര്‍, അകത്തൂട്ടുപറമ്പ് ശശി, പട്ടംപറമ്പ് അബ്ദുല്‍ സലാം, ഓഞ്ഞപ്പുറത്ത് ലത്തീഫ്, കണ്ണേലില്‍ നിസ്സാര്‍, കവിത്തേലി രാധാകൃഷ്ണന്‍, കൊടിയന്‍പറമ്പ് ഹബീബ്, കുതറത്ത് മുഹമ്മദാലി, അംബിയത്ത് കബീര്‍, പള്ളത്ത് അലിയാര്‍, മുതിരപ്പറമ്പ് ഷംസുദ്ദീന്‍, ചാളത്തറ പരീതുപിള്ള, പീടികപ്പറമ്പ് നാസര്‍, കണ്ണച്ചാരുപറമ്പ് കുഞ്ഞമ്മു, പിലാക്കപ്പള്ളം കുഞ്ഞുവീരാന്‍, മുളകന്‍െറപറമ്പ് സിദ്ദീഖ്, ഷാഹുല്‍ മന്‍സിലില്‍ കുഞ്ഞുമുഹമ്മദ്, കൂട്ടുങ്ങപറമ്പ് കുഞ്ഞുമുഹമ്മദ്, കണ്ടനാട്ട് ജയന്‍, ചോമായത്ത് ഗോപകുമാര്‍ എന്നിവരുടെ വാഴകളും നശിച്ചിട്ടുണ്ട്. മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജി.ഡി. ഷിജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി എടുക്കുമെന്ന് പഞ്ചായത്തംഗം നസീര്‍ പാത്തല അറിയിച്ചു. ചെങ്ങമനാട്: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകനാശം. നിരവധി വീടുകള്‍ക്ക് മുകളിലും റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനുമുകളിലും മരം വീണു. വ്യാപക കൃഷിനാശവും സംഭവിച്ചു. ചെങ്ങമനാട് പഞ്ചായത്ത് നാലാം വാര്‍ഡിലെ പനയക്കടവ് കരിയമ്പിള്ളി വീട്ടില്‍ സറീന വഹാബിന്‍െറ അടുക്കളവശത്തെ പ്ളാവിന്‍െറ മധ്യഭാഗം ഒടിഞ്ഞ് അയല്‍വാസി പുതുക്കുടത്ത് ഷഫീഖിന്‍െറ വാട്ടര്‍ ടാങ്കിനും വീടിനും മോട്ടോറിനും മുകളില്‍ വീണ് നാശമുണ്ടായി. ചെങ്ങമനാട് കുളക്കാട് ഭാഗത്ത് പാലാട്ടി മേരി ഡേവിസിന്‍െറ കോണ്‍ക്രീറ്റ് വീടിന്‍െറ സണ്‍ഷേഡ് അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വീണ് കേടുപാടുണ്ടായി. ചെങ്ങമനാട് മൂന്നാം വാര്‍ഡിലെ അമ്പലനടഭാഗത്ത് അയല്‍വാസിയുടെ തേക്ക് ഒടിഞ്ഞുവീണ് ചെങ്ങമനാട് പാര്‍വതി മന്ദിരത്തില്‍ പ്രേമചന്ദ്രന്‍ പിള്ളയുടെ മതില്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും തകരാറിലായി. പനയക്കടവ് ജുമാമസ്ജിദിന് സമീപം മോഹനാലയത്തില്‍ കാര്‍ത്തിക സുഗതന്‍െറ കിണറിന് മുകളില്‍ പ്ളാവ് വീണ് നാശം സംഭവിച്ചു. തൊട്ടടുത്ത എളമന ഷാജിയുടെ വീട്ടുമുറ്റത്തെ പ്ളാവും കാറ്റില്‍ ഒടിഞ്ഞുവീണു. പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പലരുടെയും വാഴ, കമുക്, പച്ചക്കറി കൃഷികള്‍ക്കും നാശമുണ്ടായി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേക്കാട് മുതലക്കുടത്തുമന ദാമോദരന്‍ നമ്പൂതിരിയുടെ വീടിന് മുകളില്‍ മാവും പുളിയും വീണ് കേടുപാട് സംഭവിച്ചു. താപ്പാട്ട് രാധാകൃഷ്ണന്‍െറ ജാതി കൃഷിയും നശിച്ചു. ജാതി വീടിന് മുകളില്‍ വീണും കേടുപാടുണ്ടായി. മൂഴുള്ളിമഠം നാരായണന്‍ നമ്പൂതിരിയുടെ റബര്‍ മരങ്ങളും മരച്ചീനി കൃഷികളും കാറ്റില്‍ നിലംപൊത്തി. മേഖലയില്‍ വൈദ്യുതി ബന്ധവും താറുമാറായി. മേക്കാട്-കാരക്കാട്ടുകുന്ന് റോഡില്‍ ഫോറിന്‍ മീഡിയ വര്‍ക്ക്ഷോപ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ആലങ്ങാട് നക്കശേരി രാജേഷിന്‍െറ ഉടമസ്ഥതയിലുള്ള പിക്-അപ് വാനിനുമുകളില്‍ തേക്ക് വീണു. കാക്കനാട്: കഴിഞ്ഞദിവസം പെയ്ത കന്നത്തമഴയില്‍ വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നു. കാക്കനാട് അത്താണി കീരേലിമലയിലെ 56ാം കോളനിയില്‍ താമസിക്കുന്ന കൃഷ്ണന്‍െറ വീടിന്‍െറ മേല്‍ക്കൂരയാണ് തകര്‍ന്നത്. വീശിയടിച്ച കാറ്റില്‍ മേല്‍ക്കൂരയുടെ ഷീറ്റ് ഇളകി പകുതി ഭാഗം മടങ്ങി ഒടിഞ്ഞുനിന്നു. ഭിത്തിയില്‍നിന്ന് ഇഷ്ടിക, പട്ടികക്കഷണങ്ങള്‍ എന്നിവ ഇളകിവീണു. ശബ്ദം കേട്ട് കൃഷ്ണനും ഭാര്യ ഉഷയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടിയതിനാല്‍ ആളപായം ഉണ്ടായില്ല. അയല്‍വാസിയുടെ വീടിന്‍െറ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ എം.ടി. ഓമന സ്ഥലത്തത്തെി സംഭവം വില്ളേജ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. കാക്കനാട്, സുരഭി നഗര്‍, വാഴക്കാല, പടമുഗള്‍ തുടങ്ങിയ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞുവീണും ഒരു മണിക്കൂറോളം വൈദ്യുതിബന്ധവും നിലച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ടി. തോമസ് മേല്‍ക്കൂര തകര്‍ന്ന കൃഷ്ണന്‍െറ വീട് സന്ദര്‍ശിച്ചു. മട്ടാഞ്ചേരി: ശനിയാഴ്ച രാത്രി വേനല്‍ മഴയത്തെുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ പല വീടുകളിലെയും വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. കുമ്പളങ്ങിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി കുറ്റിപ്പുറത്ത് സെബാസ്റ്റ്യന്‍െറ വീട് ഭാഗികമായി തകര്‍ന്നു. കപ്പലണ്ടിമുക്കിലെ മുഹമ്മദ് കാസിം സേട്ട് ട്രസ്റ്റ് വക കെട്ടിടത്തില്‍ താമസിക്കുന്ന ഹബീബ്, സലാം എന്നിവരുടെ വീട്ടിലെ ടി.വി, കമ്പ്യൂട്ടര്‍,ഫാന്‍ എന്നിവയടക്കം പല വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.