സ്കേറ്റിങ് ലോക റെക്കോഡ്: കൊച്ചിക്ക് അഭിമാനമായി നാല് കുരുന്നുകള്‍

കൊച്ചി: 120 മണിക്കൂര്‍, 3150 കിലോമീറ്റര്‍ ദൂരം. തിരുപ്പൂരിലെ മെര്‍ലിന്‍ സ്കേറ്റിങ് റൗണ്ടില്‍ നടന്ന സ്കേറ്റിങ് റിലേ ലോകറെക്കോഡ് നേടുമ്പോള്‍ കൊച്ചിക്കാര്‍ക്കും അഭിമാനിക്കാം. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ സ്കേറ്റിങ് റിങ്ങില്‍ പയറ്റിത്തെളിഞ്ഞ നാല് കുരുന്നുകളുടെ സാന്നിധ്യമാണ് കൊച്ചിക്കാര്‍ക്ക് ആഹ്ളാദം പകരുന്നത്. ഇന്ത്യന്‍ സ്പീഡ് സ്കേറ്റിങ് അസോസിയേഷന്‍ തമിഴ്നാട് ടെററിസം ആന്‍ഡ് ഗ്ളോബല്‍ വാമിങ് അവയര്‍നസ് എന്ന വിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ സ്പീഡ് സ്കേറ്റിങ് റിലേ എന്‍ഡ്യുറന്‍സാണ് യൂനിവേഴ്സല്‍ റെക്കോഡ് ഫോറം (യു.ആര്‍.എഫ്) ലോക റെക്കോഡായി അംഗീകരിച്ചത്. കൊച്ചിയില്‍നിന്നുള്ള എം.എ. ദേവ് കിഷന്‍, എം.എ. ധ്രുവതാര, അഡ്വിന്‍ എം. ഷിബു, എം.ജി. ആദിത്യന്‍ എന്നിവരാണ് റെക്കോഡ് പ്രകടനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ഏപ്രില്‍ 25 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലെ 120 മണിക്കൂറിലായിരുന്നു ലോക റെക്കോഡ് പ്രകടനം. ഏപ്രില്‍ 30ന് ഉച്ചക്ക് ഒരു മണി മുതല്‍ മേയ് ഒന്ന് ഉച്ചക്ക് ഒരുമണി വരെ ഏറ്റവും കൂടുതല്‍ സ്കേറ്റേഴ്സിനെ പങ്കെടുപ്പിച്ച് റിലേ സ്കേറ്റിങ്ങും നടത്തിയിരുന്നു. ഇന്ത്യയില്‍തന്നെ ആദ്യമായി അരങ്ങേറിയ റിലേ സ്കേറ്റിങ്ങിനെയും റെക്കോഡായി പരിഗണിക്കുന്നതിനുള്ള വിവരങ്ങള്‍ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് സംഘാടകര്‍. ഗിന്നസ് വേള്‍ഡ് റെക്കോഡ്, ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ്സ് എന്നിവയുടെ പരിഗണനക്കാണ് റിലേ സ്കേറ്റിങ്ങിന്‍െറ വിശദാംശങ്ങള്‍ അയച്ചിരിക്കുന്നത്. ജില്ല ശിശുക്ഷേമ സമിതി എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സ്കേറ്റിങ് പരിശീലനത്തിലെ സ്ഥിര സാന്നിധ്യമാണ് നാലുപേരും. കെ.എസ്. സുധീറിന്‍െറ ശിക്ഷണത്തില്‍ നാല് വര്‍ഷമായി ഇവരിവിടെ പരിശീലനം നടത്തുന്നു. സഹോദരങ്ങളായ ദേവ്കിഷനും ധ്രുവതാരയും തേവക്കല്‍ വിദ്യോദയ സ്കൂള്‍ വിദ്യാര്‍ഥികളാണ്. അഡ്വിന്‍ ചെമ്പുമുക്ക് അസീസി പബ്ളിക് സ്കൂളിലും ആദിത്യന്‍ വടുതല സെന്‍റ് പീറ്റേഴ്സ് എല്‍.പി സ്കൂളിലും വിദ്യാര്‍ഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.