നഗരസഭയുടെ സ്ഥലം ടെന്‍ഡര്‍ വിളിച്ച് വാടകക്ക് നല്‍കിയപ്പോള്‍ വരുമാനം കൂടി

ആലുവ: നഗരസഭയുടെ സ്ഥലം ടെന്‍ഡര്‍ വിളിച്ച് വാടകക്ക് നല്‍കിയപ്പോള്‍ വന്‍ വരുമാനം. നേരത്തേ മാസം പതിനായിരം രൂപ മാത്രം വാടക ലഭിച്ചിരുന്ന സ്ഥലത്തിനാണ് ഇപ്പോള്‍ ഒന്നരലക്ഷം രൂപ വാടക ലഭിക്കുന്നത്. ഭരണം നടത്തുന്നവരുടെ ഇഷ്ടക്കാര്‍ക്ക് ടെന്‍ഡറൊന്നും വിളിക്കാതെ കുറഞ്ഞ വാടകക്ക് നല്‍കിയിരുന്ന രീതി നടപ്പാകാതെ വന്നതോടെയാണ് വരുമാനം വന്‍തോതില്‍ വര്‍ധിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കുറഞ്ഞ വാടകക്ക് നല്‍കിയ ആലുവ നഗരസഭയുടെ അധീനതയിലുള്ള നാലാംമൈലിലെ സ്ഥലത്തിനാണ് ഇത്തവണ വന്‍ വാടക ലഭിച്ചത് . ടെന്‍ഡറില്ലാതെ ഇഷ്ടക്കാര്‍ക്ക് കുറഞ്ഞ വാടകക്ക് നല്‍കിയ കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച്, ഇത്തവണ ടെന്‍ഡര്‍ വെക്കണമെന്ന നഗരസഭ കൗണ്‍സിലര്‍മാരുടെ നിര്‍ദേശം പാലിച്ചതാണ് നഗരസഭയ്ക്ക് കൂടിയ തുക ലഭിക്കാന്‍ കാരണം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക തീരുമാനമെടുത്താണ് കുറഞ്ഞ വാടക നിരക്കില്‍ സ്ഥലം സ്വകാര്യ വ്യക്തിക്ക് നല്‍കിയത്. നാലാംമൈലിലെ മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് നഗരസഭ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കി വരുമാനമുണ്ടാക്കുന്നത്. മാലിന്യ പ്ളാന്‍റിനായി കണ്ടുവെച്ച സ്ഥലമായതിനാല്‍ കൂടുതല്‍ വര്‍ഷത്തേക്ക് വാടകക്ക് നല്‍കാന്‍ സാധിക്കില്ല. നേരത്തേ സ്ഥലത്തിന്‍െറ വാടകയിനത്തില്‍ മാസം വെറും പതിനായിരം രൂപമാത്രമാണ് നഗരസഭക്ക് ലഭിച്ചിരുന്നത്. കുറഞ്ഞ വാടക നിരക്കിനെതിരെ ആദ്യമേ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലത്തെിയതോടെ കുറഞ്ഞ വാടക നിരക്കില്‍ നല്‍കിയ സ്ഥലത്തിന്‍റെ അനുമതി റദ്ദാക്കണമെന്നും ചില കൗണ്‍സിലര്‍മാര്‍ ആവശ്യമുയര്‍ത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ പഴയ വാടക കരാര്‍ കാലാവധി അവസാനിച്ചതോടെ കരാര്‍ പുതുക്കി നല്‍കണമെന്ന് നിലവിലെ നടത്തിപ്പുകാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത് അനുവദിക്കാനാവില്ളെന്ന് കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരും വാദിച്ചു. ഇതിനെ തുടര്‍ന്നാണ് നിലവിലെ വാടകക്കാരന് തുടര്‍ അനുമതി നല്‍കാതെ പുതിയ ടെന്‍ഡര്‍ നല്‍കാന്‍ നഗരസഭ തീരുമാനിക്കുന്നത്. നാല് പേരാണ് ലേലത്തിനത്തെിയത്. ഇതില്‍ മൂന്ന് പേര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു. കൂടുതല്‍ തുക ക്വാട്ട് ചെയ്ത കരാറുകാരന് സ്ഥലം നല്‍കാനും ധാരണയായി. കാക്കനാട് സ്വദേശി മാസം ഒന്നരലക്ഷം രൂപക്കാണ് സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ നിക്ഷേപമായും നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.