സംരക്ഷണമില്ലാതെ പരുന്തുറാഞ്ചി മണപ്പുറം

ആലുവ: പെരിയാറിന് നടുവിലെ പ്രകൃതിമനോഹരമായ പരുന്ത് റാഞ്ചി മണപ്പുറം സംരക്ഷണമില്ലാതെ നശിക്കുന്നു. സാമൂഹിക വിരുദ്ധരുടെയും മണല്‍ മാഫിയകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ചെറു ദ്വീപ്. തുരുത്തിനും തോട്ടുമുഖത്തിനുമിടയിലായാണ് പെരിയാറിന് നടുവില്‍ പരുന്തുറാഞ്ചി മണപ്പുറം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ പിന്നിടുന്തോറും മണപ്പുറം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്‍െറ തെളിവാണ് മണപ്പുറത്തിന്‍െറ വിസ്തൃതിയില്‍ ഗണ്യമായ കുറവ് വന്നിരിക്കുന്നത്. കാലങ്ങളായി നടക്കുന്ന മണലൂറ്റില്‍ പരുന്ത് റാഞ്ചി ദ്വീപ് നശിച്ചിട്ടുണ്ട്. അധികൃതര്‍ മണപ്പുറത്തോട് കാലങ്ങളായി അവഗണന കാണിക്കുകയാണ്. മണല്‍ മാഫിയകളെ സഹായിക്കാന്‍ പൊലീസും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ല. വിനോദസഞ്ചാര വികസനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണ് മണപ്പുറം. മണപ്പുറം കേന്ദ്രീകരിച്ച് നിരവധി പദ്ധതികള്‍ നേരത്തേ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, ഒന്നും യാഥാര്‍ഥ്യമായില്ല. ഈ ദ്വീപിനെ നാശത്തില്‍നിന്നും രക്ഷിക്കാനും പരിസ്ഥിതിക്കിണങ്ങിയ ഇക്കോ ടൂറിസം നടപ്പാക്കാനും നടപടി വേണം. ദ്വീപിന്‍െറ വശങ്ങള്‍ കരിങ്കല്‍ ഭിത്തി നിര്‍മിച്ച് ഇടിഞ്ഞുപോകുന്നത് തടയണം. ആലുവ ശിവരാത്രി മണപ്പുറം പരുന്തുറാഞ്ചി കേന്ദ്രീകരിച്ച് വിനോദ സഞ്ചാരത്തിനായി ബോട്ട് സര്‍വിസ് ആരംഭിക്കണം. വിദ്യാര്‍ഥികള്‍ക്കും, നീന്തല്‍ അഭ്യസിക്കേണ്ടവര്‍ക്കുമായി ഒരു പൊതു നീന്തല്‍ക്കുളം പരുന്തുറാഞ്ചിയില്‍ സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.തുരുത്ത് സമന്വയ ഗ്രാമവേദി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.കെ. അലിയാര്‍, സെക്രട്ടറി എസ്. രാധാകൃഷ്ണന്‍, പി.ജി. സുനില്‍കുമാര്‍, ജെ.എം. നാസര്‍, കെ.പി. അശോകന്‍, പി.കെ. സുഭാഷ്, പി.ഇ. മൂസ, ഇ.ഇ. നാസര്‍, വി.എ. ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.