വാഹന പര്യടനങ്ങള്‍ അവസാന ഘട്ടത്തില്‍; ആവേശം ചോരാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും

ആലുവ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി സ്ഥാനാര്‍ഥികള്‍ നടത്തുന്ന വാഹന പര്യടനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. പലരുടെയും ഒരാഴ്ചയോളമായി തുടരുന്ന പര്യടനങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിനകം മണ്ഡലത്തിന്‍െറ മുക്കിലും മൂലയിലും വാഹന പര്യടനങ്ങള്‍ എത്തിയിട്ടുണ്ട്. ഇതിനുമുമ്പ് പ്രവര്‍ത്തകരോടൊപ്പമുള്ള പര്യടനങ്ങളിലും ഭവന സന്ദര്‍ശനങ്ങളിലും സ്ഥാനാര്‍ഥികള്‍ പരമാവധി പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടിരുന്നു. വോട്ടെടുപ്പ് ദിനം അടുക്കുന്തോറും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വളരെ പ്രസരിപ്പോടെയാണ് മുന്നേറുന്നത്. വെയിലിന്‍െറ കാഠിന്യമൊന്നും ആരുടെയും ആവേശം ചോര്‍ത്തിക്കളയുന്നില്ല. അനൗണ്‍സ്മെന്‍റ് വാഹനങ്ങളും തലങ്ങും വിലങ്ങും ചീറിപ്പായുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന്‍െറ ബുധനാഴ്ചയിലെ തെരഞ്ഞെടുപ്പ് പര്യടനം സ്ഥാനാര്‍ഥിയുടെ ജന്മനാടായ ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത് എസ്.എന്‍ കവലയില്‍നിന്നാണ് ആരംഭിച്ചത്. പര്യടനം കോണ്‍ഗ്രസ് നേതാവും ജി.സി.ഡി.എ ചെയര്‍മാനുമായ എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തുരുത്ത് മഹിളാലയം പാലവും, തുരുത്ത് പുറയാര്‍ തൂക്കുപാലവും ദ്വീപ് നിവാസികള്‍ക്ക് സമ്മാനിച്ച അന്‍വര്‍സാദത്ത് എം.എല്‍.എ യെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അതിന് തുരുത്ത് നിവാസികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച അന്‍വര്‍ സാദത്തിന്‍െറ പര്യടന പരിപാടി എടത്തല പഞ്ചായത്തിലെ കോളനി പടിയില്‍ നിന്നാരംഭിച്ച് പുക്കാട്ടു പടിയില്‍ സമാപിക്കും. കനത്ത ചൂടിനെ തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിശറിയുമായി വോട്ട് തേടുന്നുണ്ട്. തന്‍െറ ചിത്രവും ചിഹ്നവും പതിച്ചുകൊണ്ടുള്ള വിശറിയാണ് മണ്ഡലത്തിലുടനീളം വിതരണം ചെയ്യുന്നത്. എം.എല്‍.എയെന്ന നിലയില്‍ മണ്ഡലത്തില്‍ താന്‍ ചെയ്തിട്ടുള്ള കാര്യങ്ങളെല്ലാം പഞ്ചായത്ത് തിരിച്ച് വിശദമായി വിവരിച്ചുകൊണ്ടുള്ള ലഘുലേഖയും അദ്ദേഹം വോട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.സലീമും, ബി.ജെ.പി സ്ഥാനാര്‍ഥി ലതാഗംഗാധരനും ജനസേവ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ്മാവേലിയും തെരഞ്ഞെടുക്കപ്പെട്ടാല്‍ മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ പുറത്തിറക്കിയിട്ടുണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. വി. സലീമിന്‍െറ തെരഞ്ഞെടുപ്പ് പര്യടനം ആലുവ ടൗണില്‍ നടന്നു. രാവിലെ പുളിഞ്ചോടില്‍നിന്ന് ആരംഭിച്ച പര്യടനം കാരോത്തുകുഴി, മാര്‍ക്കറ്റ്, കരോട്ടക്കാട്, ദേശം കടവ് , ബൈപ്പാസ് ജങ്ഷന്‍, ബാങ്ക് കവല, സീനത്ത് കവല തുടങ്ങിയ 40 ഓളം സ്വീകരണകേന്ദ്രങ്ങളില്‍നിന്ന് സ്വീകരണം ഏറ്റുവാങ്ങി. വൈകുന്നേരം കാവടി, ശിങ്കാരിമേളം, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടെ റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ സമാപിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി ലതാ ഗംഗാധരന് ബുധനാഴ്ച അനൗദ്യോഗിക പര്യടനങ്ങളുടെ ദിവസമായിരുന്നു. ദേശം കുന്നുംപുറത്തെ വീടുകളിലും സ്വന്തം വാര്‍ഡിലും ഭവന സന്ദര്‍ശനം നടത്തി. തോട്ടക്കാട്ടുകരയില്‍ രണ്ടു മരണവീടുകള്‍ സന്ദര്‍ശിച്ചു. ആലുവ സെന്‍റ് ഫ്രാന്‍സിസ് സ്കൂളിലും സെന്‍റ് സേവ്യേഴ്സ് കോളജിലും സന്ദര്‍ശനം നടത്തി. മദര്‍ സുപ്പീരിയറിന്‍െറയും മറ്റ് കന്യാസ്ത്രീകളുടെയും അനുഗ്രഹം തേടി. മറ്റു ജീവനക്കാരുടെയും വോട്ട് തേടി. ഉച്ചക്കുശേഷം പുതിയകാവിലെ നരേന്ദ്ര മോദിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച ആലുവ നഗരത്തിലാണ് ലതാ ഗംഗാധരന്‍െറ പര്യടനം. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി.ഐ. സമദ് ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ ശ്രീമൂലനഗരം അണ്ടിക്കമ്പനി റോഡ്, തെറ്റാലി, പുതിയ റോഡ് എന്നിവിടങ്ങളിലായിരുന്നു പര്യടനം. ഉച്ചകഴിഞ്ഞ് കാഞ്ഞൂര്‍ പഞ്ചായത്തിലെ ചെങ്കല്‍, വട്ടത്തറ, കാഞ്ഞൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഗൃഹസന്ദര്‍ശനവും വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വേട്ട് അഭ്യര്‍ഥനയുമാണ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.