പെരിയാറിലേക്ക് രാസവിഷമാലിന്യം: സ്വകാര്യകമ്പനിയില്‍ ഭൂഗര്‍ഭ അറകളും പൈപ്പുകളും കണ്ടത്തെി

കളമശ്ശേരി: എടയാറിലെ സ്വകാര്യകമ്പനിയില്‍ പി.സി.ബി ഉന്നത ഉദ്യോഗസ്ഥരും ഏലൂര്‍ നഗരസഭയും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃത ഭൂഗര്‍ഭ അറകളും പൈപ്പുകളും കണ്ടത്തെി. അനധികൃതമായി കണ്ടത്തെിയവയെക്കുറിച്ച് മറുപടി നല്‍കാന്‍ കമ്പനി അധികൃതര്‍ക്കായില്ല. തിങ്കളാഴ്ച എടയാറിലെ ശക്തി പേപ്പര്‍മില്ലില്‍ നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ സ്ഥാപിച്ച ടാങ്കുകളും പൈപ്പുകളും കണ്ടത്തെിയത്. പരിശോധനസംഘം കണ്ടത്തെിയ ന്യൂനതകള്‍ പരിഹരിച്ച് പത്ത് നിബന്ധനകള്‍ ഏഴുദിവസത്തിനകം നടപ്പാക്കണം. അല്ളെങ്കില്‍ കഴിഞ്ഞ നാലാം തീയതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്ക് നല്‍കിയ അടച്ചുപൂട്ടല്‍ ഉത്തരവ് പുന$സ്ഥാപിക്കുമെന്ന് പറഞ്ഞ് അധികൃതര്‍ കമ്പനിക്ക് നോട്ടീസ് നല്‍കി. അനധികൃത അറയില്‍നിന്ന് കണ്ട മാലിന്യത്തിന്‍െറ സാമ്പ്ള്‍ ആധികൃതര്‍ ശേഖരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ ടി.കെ. തങ്കപ്പന്‍, ഗോവിന്ദന്‍ നായര്‍, കെ.ആര്‍. സുരേഷ്, എബിന്‍ വര്‍ഗീസ്, ഏലൂര്‍ നഗരസഭാ അധ്യക്ഷ സിജി ബാബു, വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍, പരിസ്ഥിതി പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂര്‍, ആദംകുട്ടി, ബി.ജെ.പി പ്രവര്‍ത്തകരായ ബായി ഗോപി, ഷാജി, ഏലൂര്‍ എസ്.ഐ എസ്.പി. സുജിത് എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് കമ്പനിയില്‍ പരിശോധന നടത്തിയത്. ഈ മാസം മൂന്നിനാണ് പെരിയാറിന്‍െറ കൈവഴിയായ പാതാളം പുഴയില്‍ വ്യവസായികമാലിന്യം ഒഴുക്കിയ നിലയില്‍ കാണപ്പെട്ടത്. ഇതേതുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാലിന്യത്തിന്‍െറ ഉറവിടം മനസ്സിലാക്കി എടയാറിലെ സ്വകാര്യകമ്പനിക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി. എന്നാല്‍, രണ്ടുദിവസത്തിനകം കമ്പനി തുറന്നുപ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കുകയും ചെയ്തു. ഇതിനിടെ, ഏലൂര്‍ പുഴയില്‍ വ്യാപകമായി മീനുകള്‍ ചത്തുപൊങ്ങി. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉപരോധിച്ചു. ഉപരോധം രാത്രി വരെ നീണ്ടതോടെ എറണാകുളം നോര്‍ത് സി.ഐ നിസാമുദ്ദീന്‍െറ സാന്നിധ്യത്തില്‍ സമരക്കാരും ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവനുമായി നടത്തിയ ചര്‍ച്ചയിലാണ് മാലിന്യം ഒഴുക്കിയതായി പി.സി.ബി കണ്ടത്തെിയ കമ്പനിയില്‍ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതോടെ രാത്രി വരെ നീണ്ട ഉപരോധം നാട്ടുകാര്‍ അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.