മരടിലെ കൈയേറ്റ ഭൂമി ഭൂരഹിതര്‍ക്ക്; കുടില്‍കെട്ടി സമരം തുടങ്ങി

മരട്: മരട് നഗരസഭയില്‍ സ്വകാര്യവ്യക്തികളും കോര്‍പറേറ്റ് ഗ്രൂപ്പുകളും കൈയേറിയ പുറമ്പോക്ക് ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ ജമീലയുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം തുടങ്ങി. നഗരസഭയുടെ ഒരു സ്വകാര്യ ഗ്രൂപ്പ് കൈയേറിയ പുറമ്പോക്ക് ഭൂമിയിലാണ് സമരത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച രാവിലെ 10ഓടെ ആരംഭിച്ച സമരം വൈകീട്ട് ആറോടെയാണ് സമാപിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഭക്ഷണംപോലും ഒഴിവാക്കി സമരത്തില്‍ പങ്കെടുത്തു. നെട്ടൂര്‍ പള്ളി സ്റ്റോപ് പരുത്തിച്ചുവട് പാലത്തിന് സമീപം തൊണ്ണത്താംപിള്ളിക്ക് കിഴക്കായി രണ്ട് ഏക്കര്‍ ഭൂമിയില്‍ 20 സെന്‍േറാളം പുറമ്പോക്ക് ഉള്ളത് അളന്ന് തിട്ടപ്പെടുത്തണമെന്നും ഭൂരഹിതര്‍ക്ക് നല്‍കണമെന്നും സമരത്തിന് നേതൃത്വം കൊടുത്തവര്‍ പറഞ്ഞു. ഇവിടെയുള്ള പുറമ്പോക്ക് സ്ഥലത്തിന് പകരം പുഴയോട് ചേര്‍ന്ന് തീരദേശ റോഡ് നിര്‍മിക്കാനും വൃദ്ധര്‍ക്ക് താമസിക്കാന്‍ പകല്‍ വീട് ഒരുക്കാനുമാണ് നഗരസഭ അധികൃതരും സ്വകാര്യ ഗ്രൂപ്പും ചേര്‍ന്ന് ഒത്തുകളിക്കുന്നത്. ഈ ഭാഗത്തുവരുന്ന റോഡ് നെട്ടൂര്‍ ചന്തയിലേക്ക് എത്തണമെങ്കില്‍ മറ്റ് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. എന്നാല്‍, ഈ റോഡുകൊണ്ട് നെട്ടൂര്‍ നിവാസികളെക്കാള്‍ ഉപയോഗം ഈ സ്വകാര്യ ഗ്രൂപ്പിനാണ്. കൂടാതെ പകല്‍വീട് എന്ന വൃദ്ധര്‍ക്കുള്ള ഒരു ഭവനം വന്നാല്‍ അതും ഉപയോഗിക്കാന്‍ ആളില്ലാതെ വരും. സ്വകാര്യ ഗ്രൂപ് നല്‍കിയ പരാതിയെ തുടര്‍ന്ന് വൈകുന്നേരം പനങ്ങാട് പൊലീസ് എത്തി സമരം നടത്തിയവരോട് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തുകയുമായിരുന്നു. കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനായി സമരം നടത്തിയവര്‍ ചേര്‍ന്ന് ജനകീയ സമിതി എന്ന സംഘടന രൂപവത്കരിച്ചു. ഇതിനായി പതിനൊന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കൗണ്‍സിലര്‍ ജമീലയുടെ അധ്യക്ഷതയില്‍ ഷറഫുദ്ദീന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരിയായി ടി.എം. ഹംസ, ചെയര്‍പേഴ്സനായി നഗരസഭാ കൗണ്‍സിലര്‍ ജമീല, വൈ. ചെയര്‍പേഴ്സനായി പി.എന്‍. ഷൈല, ജനറല്‍ കണ്‍വീനറായി എ.കെ. റസാഖ്, കണ്‍വീനറായി മുഹമ്മദ് അസ്ലം, ട്രഷററായി പി.എ. നഹാസ്, കമ്മിറ്റി അംഗങ്ങളായി ഷറഫുദ്ദീന്‍, റഷീദ് എം. എം, രമണി, നാദിറ, മോഹനന്‍, റിഷാദ് എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.