പെരിയാറിലെ മത്സ്യക്കുരുതി: ഉപരോധം തീര്‍പ്പാക്കി

കളമശ്ശേരി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണക്കാരെന്ന് ആരോപണമുള്ള സ്വകാര്യ കമ്പനിയും പരിസരവും സംയുക്ത പരിശോധന നടത്താമെന്ന അധികൃതരുടെ ഉറപ്പില്‍ നാട്ടുകാരുടെ 12 മണിക്കൂര്‍ നീണ്ട ഉപരോധം അര്‍ധരാത്രിയോടെ അവസാനിപ്പിച്ചു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലെ ഉദ്യോഗസ്ഥരെ ഏലൂര്‍ നഗര ചെയര്‍പേഴ്സണ്‍ സിജി ബാബുവിന്‍െറ നേതൃത്വത്തില്‍ രാവിലെ മുതല്‍ തുടങ്ങിയ ഉപരോധം രാത്രിയിലും തുടര്‍ന്നുകൊണ്ടിരിക്കെ എറണാകുളം നോര്‍ത് സി.ഐ. നിസാമുദ്ദീന്‍ ഇടപെട് പ്രശ്നപരിഹാരം ഉണ്ടാക്കുകയായിരുന്നു. സമരക്കാരുമായും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവനുമായും ഫോണില്‍ ബന്ധപ്പെട്ടാണ് ധാരണ ഉണ്ടാക്കിയത്. മത്സ്യക്കുരുതിക്ക് കാരണമായ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതെന്ന് പറയുന്ന എടയാറിലെ സ്വകാര്യ കമ്പനിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ പ്രതിനിധികളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. തുടര്‍ന്ന് ഇതിന്‍െറ റിപ്പോര്‍ട്ട് 14ന് ബോര്‍ഡ് ചെയര്‍മാന്‍െറ സാന്നിധ്യത്തില്‍ ഏലൂരില്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. ഇതാണ് ചെയര്‍മാന്‍ ഫോണിലൂടെ പ്രതിഷേധക്കാര്‍ക്ക് സി.ഐയുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പ്. പരിശോധന തിങ്കളാഴ്ച നടത്തും. ഈ ഉറപ്പില്‍ രാവിലെ തുടങ്ങിയ ഉപരോധം നാട്ടുകാര്‍ അര്‍ധരാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു. ചെയര്‍പേഴ്സനൊപ്പം വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍, പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ ഉപരോധ സമരത്തില്‍ ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണിചേര്‍ന്നതോടെ രാത്രിയില്‍ ഉപരോധം ശക്തമായി. ഇതിനിടെ, ഓഫിസിനകത്തുണ്ടായിരുന്ന വനിത ജീവനക്കാരെ പറഞ്ഞുവിട്ടു. നാട്ടുകാരുടെ ഉപരോധത്തിന് ആവേശം നല്‍കി കുസാറ്റ്, മഹാരാജാസ്, യു. സി കോളജ് തുടങ്ങിയിടങ്ങളിലെ വിദ്യാര്‍ഥികള്‍ പെരിയാറിനെ ആസ്പദമാക്കി തെരുവുനാടകം നടത്തി. ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കൊപ്പം പരിസ്ഥിതി പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂര്‍, സി.ഐ. അന്‍വര്‍, നഗരസഭ ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ചന്ദ്രമതി കുഞ്ഞപ്പന്‍, അബ്ദുല്‍ ലത്തീഫ്. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് കെ.എച്ച്. സദഖത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.