മട്ടാഞ്ചേരി: ഈജിപ്തില്‍ നടക്കുന്ന സ്പ്രിങ് ഫെസ്റ്റിവലില്‍ കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ ഫോര്‍ട്ട്കൊച്ചി കേരള കഥകളി സെന്‍ററില്‍നിന്നുള്ള 10 അംഗ സംഘം പുറപ്പെട്ടു. ഈജിപ്തിലെ സാംസ്കാരിക വിഭാഗമായ കള്‍ചറല്‍ റിസോഴ്സ് ഓഫ് അസോസിയേഷന്‍െറ പ്രത്യേക ക്ഷണപ്രകാരമാണ് സംഘം ശനിയാഴ്ച രാവിലെ 9.30 ഓടെ വിമാനത്തില്‍ ബെയ്റൂത് ഇന്‍റര്‍നാഷനല്‍ എയര്‍ പോര്‍ട്ടിലേക്ക് യാത്രതിരിച്ചത്. കഴിഞ്ഞവര്‍ഷം ഈജിപ്തില്‍നിന്നുള്ള സംഘം ഫോര്‍ട്ട്കൊച്ചി കേരള കഥകളി സെന്‍ററില്‍ എത്തിയിരുന്നു. സംഘടനയുടെ ഡയറക്ടര്‍ എലിയൂസേഫിന്‍െറ നേതൃത്വത്തില്‍ എത്തിയ സംഘം കഥകളി, മോഹിനിയാട്ടം എന്നിവ കണ്ടിരുന്നു. ഇത് കണ്ട് ഇഷ്ടപ്പെട്ട ഇവര്‍ കലാകാരന്മാരെ ക്ഷണിക്കുകയായിരുന്നു. കലാമണ്ഡലം സുചീന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ സദനം വിജയന്‍ വാര്യര്‍, കലാമണ്ഡലം അരുള്‍ രമേശ്, കലാമണ്ഡലം ആര്യജിത്ത്, പറവൂര്‍ സുരേഷ്, കലാമണ്ഡലം നിക്സന്‍, സദനം രജീഷ്, കലാമണ്ഡലം ശ്രീകുമാര്‍ എന്നിവരും മോഹിനിയാട്ട കലാകാരികളായ ആര്‍.എല്‍.വി. ആര്യ വിജയന്‍, നീന ജോണ്‍സന്‍ എന്നിവരും ഉണ്ട്. നേരത്തേ വിദേശ രാജ്യങ്ങളായ ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ കേരളത്തിന്‍െറ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.