കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നല്‍കിയ ഉത്തരവ് നടപ്പായില്ല

കൊച്ചി: രാസവിഷമാലിന്യം പെരിയാറിലേക്ക് തള്ളിയ വന്‍കിട സ്വകാര്യ കമ്പനി അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പി.സി.ബി) നല്‍കിയ ഉത്തരവ് കടലാസില്‍ ഒതുങ്ങി. മാലിന്യം തള്ളിയ ഏലൂരിലെ സ്വകാര്യ കമ്പനിയെ പി.സി.ബി അധികൃതര്‍ കൈയോടെ പിടികൂടി ഉല്‍പാദനം നിര്‍ത്താന്‍ മേയ് നാലിന് വൈകീട്ടാണ് ഉത്തരവ് നല്‍കിയത്. പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് മാനേജ്മെന്‍റ് സ്വീകരിച്ചില്ളെന്ന് മാത്രമല്ല, പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതുമില്ല. അടുത്തദിവസവും പ്ളാന്‍റില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഫലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പി.സി.ബി കൊട്ടിഘോഷിച്ച് നല്‍കിയ ഉത്തരവ് നടപ്പായില്ല. ശുദ്ധീകരിക്കാത്ത രാസവിഷമാലിന്യം വന്‍തോതില്‍ പെരിയാറിലേക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്നുണ്ടായ ജനരോഷത്തെ തുടര്‍ന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ളാന്‍റ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പെരിയാര്‍ മലിനീകണത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ 350ഓളം തൊഴിലാളികള്‍ പണിയെടുക്കുന്ന കമ്പനി അടച്ചുപൂട്ടുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മര്‍ദം ചെലുത്തിയത് കമ്പനി മാനേജ്മെന്‍റിന് അനുഗ്രഹമായെന്നാണ് പെരിയാര്‍ മലിനീകരണംമൂലം ദുരിതമനുഭവിക്കുന്ന നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പരിശോധനയില്‍ സ്വകാര്യ കമ്പനിയുടെ നിര്‍ഗമന കുഴലിന് സമീപം ജലത്തിന്‍െറ പി.എച്ച് മൂല്യം 2.81ഉം ജലത്തിലെ വായുവിന്‍െറ അളവ് 3.31 മില്ലിഗ്രാം ലിറ്ററുമായിരുന്നു. ശുദ്ധീകരിക്കാത്ത രാസവിഷമാലിന്യം വന്‍തോതില്‍ പുഴയിലേക്ക് ഒഴുക്കിയതിന്‍െറ പേരില്‍ കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പുറന്തള്ളുന്ന രാസവിഷമാലിന്യത്തില്‍ ജൈവമലിനീകരണ തോത് നിര്‍ണയിക്കുന്ന ഘടകം അനുവദനീയ അളവിനെക്കാള്‍ 30 ഇരട്ടിയാണെന്നും കണ്ടത്തെിയിരുന്നു. സംസ്കരിക്കാത്ത രാസവിഷമാലിന്യം പുറന്തള്ളി മാലിന്യസംസ്കരണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ ഉത്തരവാണ് അട്ടിമറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.