ജസ്റ്റിസ് ഫോര്‍ ജിഷ സംഗമം നാളെ പെരുമ്പാവൂരില്‍

കൊച്ചി: ജിഷയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ജിഷ സംഗമം ഞായറാഴ്ച പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സാമൂഹിക നീതി സാംസ്കാരിക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ടദിവസംതന്നെ ജിഷയുടെ മൃതദേഹം പൊലീസ് അധികാരികളുടെ അറിവോടെ സംസ്കരിച്ച് തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചത് സംശയാസ്പദമാണ്. സംഭവത്തില്‍ ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണം. കുറ്റവാളികളെ പിടികൂടുന്നതുവരെ ജസ്റ്റിസ് ഫോര്‍ ജിഷ പ്രതിഷേധം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാര്യം കൂട്ടായ്മയില്‍ ആസൂത്രണം ചെയ്യും. സാമൂഹിക നീതി ദേശീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ കേരള ഹൗസിന് മുന്നിലും ജസ്റ്റിസ് ഫോര്‍ ജിഷ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധ പ്രകടനം നടത്തും. പീപ്ള്‍സ് ലോയേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവും കൂട്ടായ്മകളില്‍ സഹകരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ.പി. ജോസഫ്, എം.പി. ബാബുരാജ്, അജിതാ സാനു, കബനി വിനോദ്, തോമസ് മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.