ജിഷ വധം: പ്രതിഷേധം കത്തുന്നു

പെരുമ്പാവൂര്‍: ജിഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നഗരം നിശ്ചലമായി. വ്യാഴാഴ്ച രാവിലെതന്നെ പി.ഡി.പിയുടെ നേതൃത്വത്തില്‍ ഉപവാസസമരം തുടങ്ങി. ഒമ്പത് മണിയോടെ എ.ഡി.വൈ.എഫിന്‍െറ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. തൊട്ടുപിന്നാലെ എല്‍.ഡി.എഫ് പി. രാജീവിന്‍െറ നേതൃത്വത്തില്‍ രാപകല്‍ സമരം നഗരം സാക്ഷിയായി. നിരവധി വിദ്യാര്‍ഥി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും രംഗത്തത്തെി. വൈകുന്നേരം പെയ്ത കോരിച്ചൊരിയുന്ന മഴയത്തായിരുന്നു കെ.എച്ച്.എസ്.എസിന്‍െറ പ്രതിഷേധ പ്രകടനം. ജിഷയുടെ ഘാതകരുടെ പ്രതീകാത്മക കോലവുമായി വിദ്യാര്‍ഥികളും രംഗത്തത്തെി. സ്വജന സമുദായ സംഘടനയും രാവിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു. വൈകുന്നേരം അഞ്ചുമണിയോടെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സമരം നടന്നു. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കനാല്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന ജിഷ ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട കേസില്‍ അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, കേസ് അന്വേഷണം മികച്ച സംഘത്തിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സന്നാഹം ശക്തിപ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധം പൊതുവേ സമാധാനപരമായിരുന്നു. ഡിവൈ.എസ്.പി ഓഫിസിന് മുന്നില്‍ എല്‍.ഡി.എഫിന്‍െറ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചു. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരും സമരരംഗത്തുണ്ടായിരുന്നു. കാലടി: സംസ്കൃത സര്‍വകലാശാലയിലെ ഓള്‍ കേരള റിസര്‍ച് സ്കോളേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജാഗ്രത സായാഹ്നവും സര്‍വകലാശാലാ ഗേറ്റിനുമുന്നില്‍നിന്ന് ശ്രീശങ്കര പാലത്തിനടുത്തുവരെ നീളുന്ന പ്രതിരോധ മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ക്രൂരമായി കൊല്ലപ്പെട്ട ജിഷക്ക് ഉടന്‍ നീതി ലഭിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. ജാഗ്രത സായാഹ്നത്തില്‍ ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സദാചാര ലൈംഗികജനതയാണ് മലയാളികളെന്നും ഈ അടിസ്ഥാനപ്രമേയത്തെ അഭിസംബോധന ചെയ്യാന്‍ നാം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എംപ്ളോയീസ് യൂനിയന്‍ പ്രതിനിധി പ്രേമന്‍ തറവട്ടത്ത്, സുനില്‍ ഒതേയത്ത്, അഖില്‍ പുറക്കാട്, വി.പി. അനൂപ് എന്നിവര്‍ സംസാരിച്ചു. അങ്കമാലി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്ന ആവശ്യമുന്നയിച്ച് ഇടതുപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ അങ്കമാലിയില്‍ ഐക്യദാര്‍ഢ്യജ്വാല തെളിച്ചു. കിഴക്കേപള്ളി അങ്ങാടി കപ്പേള കവലയില്‍നിന്ന് കൂട്ടയോട്ടവും സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി കവലയില്‍ സമാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് അങ്കമാലി മണ്ഡലം വൈസ് പ്രസിഡന്‍റ് ഒ.ജി. കിഷോര്‍ അധ്യക്ഷത വഹിച്ചു. പി.ജെ. വര്‍ഗീസ്, കെ.കെ. ഷിബു, എം.എ. ഗ്രേസി, ബിജു പൗലോസ്, പി.യു. ജോമോന്‍, വി.എ. പ്രദീഷ്, ബിബിന്‍ വര്‍ഗീസ്, പി.എ. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ആലുവ: ജിഷയുടെ കൊലപാതകത്തിനു പിന്നിലെ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ആലുവ ഗവ: പ്രീ എക്സാമിനേഷന്‍ സെന്‍ററിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. കൗണ്‍സിലര്‍ ലളിത ഗണേശന്‍, ശാന്തി ദിനേഷ് ശ്യാം, നിതീഷ്, വീണ, വിദ്യ. ജി. നാഥ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.