മകളുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കുടുംബം ഇന്ത്യ ചുറ്റും

കൊച്ചി: മകളുടെ ആഗ്രഹ സഫലീകരണത്തിനായി ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ തയാറെടുത്ത് ബിബിന്‍ സിറിയകും കുടുംബവും. ഐ.ടി കണ്‍സള്‍ട്ടന്‍റായ കാക്കനാട് സ്വദേശി ബിബിന്‍ സിറിയക് ആണ് തങ്ങളുടെ മകളും കാക്കനാട് നൈപുണ്യ സ്കൂള്‍ വിദ്യാര്‍ഥിയുമായ മരിയയുടെ ആഗ്രഹം ഉള്‍ക്കൊണ്ട് യാത്ര പുറപ്പെടുന്നത്. ഓരോദിവസവും 230 കിലോമീറ്റര്‍ വീതം സഞ്ചരിച്ച് ജമ്മു-കശ്മീരില്‍ എത്തുകയും തുടര്‍ന്ന് കൊല്‍ക്കത്ത, ചെന്നൈ, കന്യാകുമാരി വഴി തിരികെ എത്താനുമാണ് പദ്ധതി. വ്യാഴാഴ്ച ആരംഭിക്കുന്ന യാത്ര 55 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി ജൂണ്‍ 25ന് തിരിച്ചത്തൊനാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്രയിലൂടെ പല സ്ഥലങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ ജീവിതം മനസ്സിലാക്കി അവരുടെ ജീവിതകഥ എഴുതാനാണ് മരിയയുടെ ആഗ്രഹം. ഓണ്‍ലൈനില്‍ സൗജന്യമായി കഥ വിതരണം ചെയ്യും. തങ്ങളുടെ ഉദ്യമത്തിന് നിരവധി സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മരിയ പഠിക്കുന്ന നൈപുണ്യ സ്കൂളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ബിബിന്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, മേക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി, സ്വച്ഛ് ഭാരത് തുടങ്ങിയവയുടെ പ്രചാരണവും യാത്രയുടെ ഭാഗമായി നടത്തും. തന്‍െറ പ്രായത്തിലെ കുട്ടികള്‍ക്ക് എങ്ങനെ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നത് കാണിക്കാനാണ് മരിയ ലക്ഷ്യം വെക്കുന്നത്. മഹീന്ദ്ര എക്സ് യു വി 500 കാറിലാണ് കുടുംബം യാത്ര തിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മരിയ, മാതാവ് റീത്ത, സഹോദരന്‍ സിറിള്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.