മുട്ടഗ്രാമം പദ്ധതി: ഏജന്‍സി വാഗ്ദാനം ലംഘിച്ചെന്ന്

വൈപ്പിന്‍: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ മുട്ടഗ്രാമം പദ്ധതി ഗുണഭോക്താക്കള്‍ ഏജന്‍സിയുടെ വാഗ്ദാനലംഘനംമൂലം ദുരിതത്തിലായതായി ആക്ഷേപം. കേന്ദ്ര സര്‍ക്കാറിന്‍െറ ഭാരത് സേവ സമാജ് എന്ന പദ്ധതിയില്‍പെട്ട പദ്ധതിയെന്ന് പറഞ്ഞ് ആറുമാസം മുമ്പാണ് നടത്തിപ്പുകാരായ കമ്യൂണിറ്റി ഇന്‍ഡസ്ട്രീസ് നാഷനല്‍ ഡെവലപ്മെന്‍റ് ഏജന്‍സി പുതുവൈപ്പ് മേഖലയിലെ കര്‍ഷകരെ സമീപിച്ചത്. ബാങ്കില്‍ നിന്ന് വായ്പയെടുപ്പിച്ചശേഷം കോഴിക്കുഞ്ഞുങ്ങളെയും കോഴിക്കൂടും നല്‍കിയ ഏജന്‍സി പിന്നെ തിരിഞ്ഞുനോക്കിയില്ളെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ പദ്ധതിയില്‍ ഗുണഭോക്താക്കളാക്കി ഓരോരുത്തര്‍ക്കും 15,000 രൂപ വായ്പ തരപ്പെടുത്തി. ഏജന്‍സി 25 കോഴിക്കുഞ്ഞുങ്ങളും ഒരു കൂടും നല്‍കി. മുട്ട ഏജന്‍സി സംഭരിക്കാമെന്നും അസുഖബാധക്കെതിരെ സൗജന്യ കുത്തിവെപ്പും ഇന്‍ഷുറന്‍സും നല്‍കാമെന്നും ഏജന്‍സി വാഗ്ദാനം ചെയ്തതായി കര്‍ഷകര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നടത്തിയെങ്കിലും പിന്നീട് ഉണ്ടായില്ല. കോഴികള്‍ മുട്ടയിട്ടു തുടങ്ങിയതോടെ വിപണത്തിനായി ഏജന്‍സിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ഫലമുണ്ടായില്ല. ഇതിനിടെ ഉഷ്ണത്തില്‍ കോഴികള്‍ കൂട്ടത്തോടെ ചാകുകയാണ്. ഉപജീവന മാര്‍ഗം പ്രതീക്ഷിച്ച് ഇറങ്ങിത്തിരിച്ച കര്‍ഷകര്‍ക്ക് ബാങ്കിലെ കടബാധ്യത തലവേദന സൃഷ്ടിക്കുകയാണ്. ഉപഭോക്തൃ സംഘടനകളെ സമീപിക്കാനാണ് കര്‍ഷകരുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.