വോട്ടുചോര്‍ച്ച തടയാന്‍ ബി.ജെ.പി ജില്ലാ നേതൃത്വം രംഗത്ത്

ആലുവ: ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ആലുവ സന്ദര്‍ശന വാര്‍ത്ത ബി.ജെ.പി അണികളെ ആവേശത്തിലാക്കുന്നതിനിടെ വോട്ടുചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് ജില്ലാ നേതൃത്വം രംഗത്ത്. ബി.ജെ.പി കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ചാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ് നേതാക്കളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ പതിവുള്ളതുപോലെ ഇത്തവണ വോട്ടുവാങ്ങല്‍ നടക്കില്ളെന്ന തിരിച്ചറിവും കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നു. അതേസമയം, അമിത് ഷാ പ്രചാരണത്തിന് വരുന്നതിനാല്‍ ആലുവ മണ്ഡലം ബി.ജെ.പിക്ക് അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്. വന്‍ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തവണ എന്തുവന്നാലും വോട്ടുചോര്‍ച്ച ഉണ്ടാകരുതെന്ന തീരുമാനത്തിലാണത്രേ പ്രാദേശിക നേതൃത്വം. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസ് മുന്നണിയില്‍ വന്നതോടെ ആലുവയില്‍ വോട്ടില്‍ വന്‍ വര്‍ധനയാണ് ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. പുതിയ സാഹചര്യത്തില്‍ പരമാവധി വോട്ട് ശേഖരിച്ചില്ളെങ്കില്‍ ജില്ലാനേതൃത്വം കടുത്ത നടപടി നേരിടേണ്ടിവരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം ആലുവയില്‍ ബി.ജെ.പി വോട്ടുകള്‍ അവസാന നിമിഷം ചോര്‍ന്നതായാണ് ആക്ഷേപം. അമിത് ഷാ എത്തുന്നതിനാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടി വോട്ട് നേടണമെന്ന നിര്‍ദേശമാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കൂടിയിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന്‍െറ കൂടി പങ്കാളിത്തമാകുമ്പോള്‍ അത് ഇനിയും കൂടുമെന്ന് അവര്‍ കണക്കാക്കുന്നു. അതേസമയം, ബി.ഡി.ജെ.എസ് വഴി പോകുന്ന എസ്.എന്‍.ഡി.പി വോട്ടുകള്‍ കോണ്‍ഗ്രസിന്‍േറതാണെന്നത് കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്കയുണ്ടാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.