അനധികൃത പാറമടകള്‍: ഊരക്കാട് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

കിഴക്കമ്പലം: പഞ്ചായത്തിലെ ഊരക്കാട് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ കാരണം കുടിവെള്ള ക്ഷാമം രൂക്ഷമായി. ഏഴ് പാറമടകളാണ് മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. പാറമടകള്‍ക്ക് സമീപത്തെ കിണറുകളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. പാറമടകള്‍ക്ക് 400 അടിയിലേറെ താഴ്ചയുള്ളതിനാല്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചാല്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രി, കലക്ടര്‍, ആര്‍.ഡി.ഒ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പാറമടകള്‍ക്കെതിരെ പരാതി നല്‍കി. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് റോഡിന്‍െറ ഇരുവശത്തുമായാണ് പാറമടകള്‍ സ്ഥിതിചെയ്യുന്നത്. റോഡിന്‍െറ വശങ്ങള്‍ ഏതുസമയത്തും ഇടിയുമെന്ന അവസ്ഥയാണ്. പാറമടയില്‍നിന്നുള്ള ചളിവെള്ളം റോഡിലേക്കാണ് ഒഴുക്കുന്നത്. പാറമട മാലിന്യം ഉപയോഗിച്ച് പരിസരത്തെ ഏക്കര്‍ കണക്കിന് പാടശേഖരമാണ് നികത്തിയത്. ലോഡുമായി നിരന്തരം ലോറികള്‍ പായുന്നതുമൂലം റോഡില്‍ പൊടിശല്യം രൂക്ഷമാണ്. ഇതുമൂലം പരിസരവാസികള്‍ക്ക് ശ്വാസകോശ രോഗങ്ങളും വ്യാപകമാണ്. പല പ്രാവശ്യം പരാതി നല്‍കിയിട്ടും റോഡ് നന്നാക്കാന്‍ പാറമട ഉടമകള്‍ തയാറായില്ല. പാറമടയില്‍ ഇലക്ട്രിക് തോട്ട ഉപയോഗിക്കുന്നതിനാല്‍ പരിസരത്തെ നൂറുകണക്കിന് വീടുകള്‍ ഭാഗികമായി തകര്‍ന്ന് ഏതുസമയത്തും വീഴുമെന്ന അവസ്ഥയിലാണ്. പുറമെ, പരാതിയുമായത്തെുന്നവരെ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയും. നാട്ടുകാരെ കൈകാര്യം ചെയ്യാന്‍ ഗുണ്ടകളെ നിയോഗിച്ചിരിക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.വി. മാത്യു, റെജി ജേക്കബ്, സതീഷ് വര്‍ഗീസ്, ബിനു മാത്യു, ഷിബു കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.