യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് ഗ്രൗണ്ടിന് സമീപം തമ്മനം സ്വദേശി പ്രവീണിനെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കുമ്പളം പനങ്ങാട് കാമോത്ത് അമ്പലത്തിന് സമീപം കോലോത്ത് ചിറ വീട്ടില്‍ അനു (അനില്‍കുമാര്‍-34), പുത്തന്‍കുരിശ് ഭജനമഠം കോളനിയില്‍ ചാണയില്‍പറമ്പ് വീട്ടില്‍ ജോളി വര്‍ഗീസ് (ജോളപ്പന്‍-30), പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കുന്നില്‍ ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം വെളുത്തേടത്ത് വീട്ടില്‍ അപ്പു (വിനോദ്-30) എറണാകുളം കാരിക്കാമുറി റോഡില്‍ മേട്ടേക്കാട്ട് പറമ്പില്‍ ഉണ്ണി (അജിത്- 27) എന്നിവരെയാണ് സെന്‍ട്രല്‍ സി.ഐ ജി.ഡി. വിജയകുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. മാര്‍ച്ച് 22ന് വൈകുന്നേരമായിരുന്നു സംഭവം. തമിഴ്നാട്ടില്‍ വിവിധസ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് കണ്ടത്തെിയത്. മയക്കുമരുന്നിന് അടിമകളായ പ്രതികള്‍ മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രവീണിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അജിത്ത് കഴിഞ്ഞവര്‍ഷം എറണാകുളം മേനക ഭാഗത്തുവെച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയാണ്. ആയുധം കൈവശംവെച്ച കേസില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ജോളപ്പനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് തകര്‍ത്ത കേസിലും ഇയാള്‍ പ്രതിയാണ്. റിമാന്‍ഡില്‍ കഴിഞ്ഞുവരവേ ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉപഗോയിക്കുകയും കഞ്ചാവ് സൂക്ഷിക്കുകയും ചെയ്ത കേസില്‍ നഗരത്തിലെ പ്രമുഖ ഗുണ്ടയോടൊപ്പം ജോളപ്പനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുമായി സി.ഐ നടത്തിയ തെളിവെടുപ്പില്‍ പ്രതികള്‍ അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പുവടികള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘത്തില്‍ എസ്.ഐ ഷിബു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷാജി, ശ്രീകുമാര്‍, അനില്‍കുമാര്‍, രാജേഷ്, സുരേഷ്, രാജേഷ് എന്നിവര്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.