ശബരി റെയില്‍ പദ്ധതി: മൂവാറ്റുപുഴ ഓഫിസില്‍നിന്ന് ഫയലുകളും ഫര്‍ണിച്ചറും മാറ്റുന്നത് തടഞ്ഞു

മൂവാറ്റുപുഴ: ശബരി റെയില്‍ പദ്ധതിയുടെ മൂവാറ്റുപുഴയിലെ അടച്ചുപൂട്ടിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഓഫിസില്‍നിന്ന് ഫയലുകളും ഫര്‍ണിച്ചറും ഉള്‍പ്പെടെ വസ്തുക്കള്‍ കൊണ്ടുപോകുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. മൂവാറ്റുപുഴ മുനിസിപ്പല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസില്‍നിന്നാണ് ഇവ കൊണ്ടുപോകാന്‍ നീക്കമുണ്ടായത്. 18 വര്‍ഷം മുമ്പ് പദ്ധതി തുടക്കകാലത്താണ് ഇവിടെ ഓഫിസ് ആരംഭിച്ചത്. എന്നാല്‍, മാസങ്ങള്‍ക്കുമുമ്പ് ഇവിടത്തെ ഓഫിസിന്‍െറ പ്രവര്‍ത്തനം റെയില്‍വേ നിര്‍ത്തി. ജീവനക്കാരെ മുഴുവന്‍ സ്ഥലം മാറ്റുകയും ചെയ്തു. ഒരു അസി. എന്‍ജിനീയര്‍ മാത്രമാണ് ഓഫിസില്‍ ഉള്ളത്. സാധനങ്ങള്‍ കാലടി, കോട്ടയം ഓഫിസുകളിലേക്ക് മാറ്റാനായിരുന്നു നീക്കം. രാവിലെ ഫര്‍ണിച്ചറടക്കമുള്ളവ കൊണ്ടുപോകാന്‍ വാഹനം എത്തിയതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി. സംഭവം വിവാദമായതോടെ ഓഫിസിലുണ്ടായിരുന്ന അസി. എന്‍ജിനീയര്‍ സാധനങ്ങള്‍ മാറ്റുന്നത് നിര്‍ത്തിവെച്ചു. ഇതിനുശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. ഫണ്ടില്ലാത്തതുമൂലം നിര്‍മാണം അനിശ്ചിതാവസ്ഥയിലായിരുന്ന ശബരി റെയില്‍വേ പദ്ധതിക്ക് കഴിഞ്ഞ ബജറ്റില്‍ 40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് ഓഫിസ് മൂവാറ്റുപുഴയില്‍നിന്ന് മാറ്റാന്‍ നീക്കം നടന്നത്. ഓഫിസ് മാറ്റുന്നത് സ്ഥലമെടുപ്പ് നടപടികളെയടക്കം ബാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.