റോഡുകളുടെ സൗന്ദര്യവത്കരണത്തിന് ഉപാധികളോടെ അനുമതി

കൊച്ചി: പനമ്പിള്ളി നഗറിലെ ഷിഹാബ് തങ്ങള്‍, വി.സി. കണ്ണന്‍ റോഡുകളുടെ സൗന്ദര്യവത്കരണ നടപടികള്‍ക്ക് ഉപാധികളോടെ ഹൈകോടതിയുടെ അനുമതി. ടൗണ്‍ പ്ളാനിങ്ങിന്‍െറ ഭാഗമായി റോഡ് 22 മീറ്ററാക്കാന്‍ ഉദ്ദേശിക്കുന്ന പശ്ചാത്തലത്തില്‍ സൗന്ദര്യവത്കരണത്തിന്‍െറ പേരില്‍ ജി.സി.ഡി.എക്കോ മെട്രോ റെയില്‍ ലിമിറ്റഡിനോ റോഡില്‍ അവകാശമുണ്ടായിരിക്കില്ളെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് ജസ്റ്റിസ് വി. ചിദംബരേഷ് അനുമതി നല്‍കിയത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ജി.സി.ഡി.എ നടപ്പാക്കുന്ന സൗന്ദര്യവത്കരത്തിന്‍െറ ഭാഗമായി 22 മീറ്റര്‍ വീതിയിലുള്ള റോഡ് ഏഴ് മീറ്ററാക്കി ചുരുക്കിയെന്ന് ചൂണ്ടിക്കാട്ടി ഇ.എക്സ്. ജൂഡ്്സണ്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. റോഡിന്‍െറ വീതി ഏഴ് മീറ്ററില്‍ താഴെയാകരുതെന്ന് ഉത്തരവില്‍ പറയുന്നു. യഥാര്‍ഥ ടൗണ്‍ പ്ളാനിങ് പദ്ധതി നടപ്പാക്കുമ്പോള്‍ സൗന്ദര്യവത്കരണ പദ്ധതി തടസ്സമാകരുത്. സൈക്ക്ള്‍ ട്രാക്കും പാര്‍ക്കുമുള്‍പ്പെടെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്താമെങ്കിലും പാതയോരത്ത് പെട്ടിക്കടകളും മറ്റും അനുവദിക്കരുത്. എന്നാല്‍, ഇരിപ്പിടങ്ങളാകാം. പനമ്പിള്ളി നഗറില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച യഥാര്‍ഥ ടൗണ്‍ പ്ളാനിങ് പദ്ധതി എന്ന് നടപ്പാക്കാനാകുമെന്നത് സംബന്ധിച്ച് ജി.സി.ഡി.എയും കൊച്ചി കോര്‍പറേഷനും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നല്ല വീതിയുണ്ടായിരുന്ന റോഡ് ചെറുതാക്കി ഗതാഗത ദുരിതമുണ്ടാക്കാനാണ് സൗന്ദര്യവത്കരണമെന്നപേരില്‍ ജി.സി.ഡി.എ ശ്രമിക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം. യഥാര്‍ഥ പദ്ധതി അനുമതിയില്ലാതെ മാറ്റിമറിച്ചെന്ന ആരോപണമുള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വ. എന്‍.എം. മധുവിനെ കോടതി അഭിഭാഷക കമീഷനായി നിയമിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.