നഗരത്തില്‍ നാലുകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ കഞ്ചാവ് വേട്ട. മൂന്നുപേരെ നാലുകിലോ കഞ്ചാവുമായി ഷാഡോ പൊലീസ് പിടികൂടി. പള്ളുരുത്തി കല്ലുചിറ വീട്ടില്‍ റനീഷ് (28), പള്ളുരുത്തി കളത്തിപറമ്പ് വീട്ടില്‍ ഷര്‍ജീസ് (23), തമിഴ്നാട് തേനി സ്വദേശി ശിവമണി (36) എന്നിവരെയാണ് ഷാഡോ എസ്.ഐ വി. ഗോപകുമാറിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരിയിലേക്കും ഫോര്‍ട്ട് കൊച്ചിയിലേക്കും കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണികളാണ് പിടിയിലായവര്‍. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. വെണ്ടുരുത്തി പാലത്തിനുസമീപം റെനീഷും സംഘവും കഞ്ചാവ് വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനത്തെുടര്‍ന്ന് ഈ പരിസരം പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച നാലുമണിയോടെ പാലത്തിനുസമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട ബൈക്കില്‍ പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന് മഫ്തിയില്‍ പൊലീസ് സംഘം നിലയുറപ്പിച്ചു. എന്നാല്‍, ആറുമണിവരെ ആരും ബൈക്കെടുക്കാന്‍ എത്തിയില്ല. തുടര്‍ന്ന് സ്ഥലത്തുനിന്ന് ബൈക്ക് നീക്കാന്‍ പൊലീസ് തീരുമാനിച്ചു. മഫ്തിയിലുള്ള പൊലീസ് സംഘം ബൈക്ക് നീക്കംചെയ്യാന്‍ ശ്രമിക്കവെ ബൈക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഷര്‍ജീസും റെനീഷും എത്തുകയായിരുന്നു. ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതി ഇവര്‍ പൊലീസുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് കഞ്ചാവ് കൈമാറാനുള്ള നീക്കമായിരുന്നെന്ന് വ്യക്തമായി. ഇവരില്‍നിന്ന് ലഭിച്ച കഞ്ചാവിന്‍െറ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് ശിവമണി പിടിയിലായത്. കൂടുതല്‍ കഞ്ചാവിനായി ശിവമണിയെ സമീപിച്ച പൊലീസിനോട് ബാങ്ക് അക്കൗണ്ടില്‍ പണമയക്കാനാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ശിവമണി ആവശ്യപ്പെട്ട പണം പൊലീസ് അക്കൗണ്ട് വഴി കൈമാറി. തുടര്‍ന്ന് കഞ്ചാവുമായി എത്തിയ ശിവമണിയെ പള്ളുരുത്തിയില്‍ വെച്ച് പിടികൂടുകയായിരുന്നു. പത്തിലേറെ തവണ പള്ളുരുത്തിയിലേക്ക് കഞ്ചാവുകൊണ്ടുവന്നിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇടപാടുകാരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അറിയിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍, രഞ്ജിത്, സാനു, ഉണ്ണികൃഷ്ണന്‍, രാഹുല്‍, വിശാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ജി. ബാബുകുമാര്‍, പള്ളുരുത്തി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.