ആന്‍ജിയോപ്ളാസ്റ്റി കോണ്‍ഫറന്‍സ് തുടങ്ങി

കൊച്ചി: ഹൃദ്രോഗ ചികിത്സയില്‍ ആന്‍ജിയോപ്ളാസ്റ്റി നടത്തുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും, നൂതന ചികിത്സാരീതികളും ചര്‍ച്ചചെയ്യുന്ന അതിസങ്കീര്‍ണ ആന്‍ജിയോപ്ളാസ്റ്റി സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. ഉദ്ഘാടനം സൊസൈറ്റി ഫോര്‍ കാര്‍ഡിയോവാസ്കുലാര്‍ ആന്‍ജിയോഗ്രാഫി ആന്‍ഡ് ഇന്‍റര്‍വെന്‍ഷന്‍സ് (എസ്.സി.എ.ഐ) അന്താരാഷ്ട്ര കമ്മിറ്റി ചെയര്‍മാന്‍ ലൂയിസ് ഗുസ്മാന്‍ നിര്‍വഹിച്ചു. സങ്കീര്‍ണമായ ബ്ളോക്കുള്ള ഗൗരവമേറിയ ഹൃദ്രോഗങ്ങളുടെ ചികിത്സയില്‍പോലും വിസ്മയകരവും, വിപ്ളവകരവുമായ നേട്ടങ്ങള്‍ ആന്‍ജിയോപ്ളാസ്റ്റി സാങ്കേതികവിദ്യകള്‍ കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് പകരം നേരിട്ടല്ലാതെ രക്തധമനി വഴി നേരിയ ട്യൂബ് ഹൃദയത്തിലേക്കത്തെിച്ച് ബ്ളോക്കുകള്‍ രൂപപ്പെട്ടിടത്ത് ഒരു ബലൂണ്‍ കടത്തിവിട്ട് വീര്‍പ്പിച്ച് തടസം നീക്കംചെയ്ത് സ്റ്റെന്‍റ് ഉറപ്പിക്കുന്ന ചികിത്സാരീതിയാണ് ആന്‍ജിയോപ്ളാസ്റ്റി. ഏറ്റവും സുരക്ഷിതവും, കൂടുതല്‍ ഹോസ്പിറ്റലൈസേഷന്‍ ആവശ്യമില്ലാത്തതും, ഹൃദ്രോഗ ആവര്‍ത്തനസാധ്യത വളരെ കുറവുമായ ചികിത്സാരീതിയാണിത്. കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ളോക്കുകള്‍ നീക്കംചയ്യാന്‍ ബലൂണ്‍ ശസ്ത്രക്രിയക്ക് സാധിക്കാതെ വരുമ്പോള്‍ അതിനെ നേരിടാന്‍ റൊട്ടാബ്ളേഷന്‍ എന്ന ആന്‍ജിയോപ്ളാസ്റ്റിയുടെ പുതിയ സാങ്കേതികവിദ്യ നിലവില്‍ വന്നിട്ടുണ്ട്. ഇത്തരം ബ്ളോക്കുകള്‍ റൊട്ടേറ്റിങ് ബര്‍ എന്ന ഒരു നാനോ ഡ്രില്ലര്‍ ഒരു പ്രധാന രക്തധമനി വഴി കടത്തിവിട്ട് ഹൃദയത്തിലത്തെിച്ച് പൊടിച്ചുകളയുന്നു. ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം, ചികിത്സാരീതി എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഡോ. ഗുസ്മാന്‍, ഡോ. വഖര്‍ അഹ്മെദ്, ഡോ. രമേഷ് ദഗ്ഗുബതി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. സന്ദീപ് മിശ്ര, ഡോ. എ. ജാബിര്‍എന്നിവര്‍ സംസാരിച്ചു. ഫ്രാക്ഷണല്‍ ഫ്ളോ റിസര്‍വ്വ്, ഇന്‍റര്‍വെന്‍ഷണല്‍ ഇമേജിങ് എന്നീ വിഷയങ്ങളില്‍ ഡോ. സി.ജി. ബാഹുലേയന്‍ സംസാരിച്ചു. ആന്‍ജിയോപ്ളാസ്റ്റിയുടെ മികവ്, മാനദണ്ഡങ്ങള്‍, ബെഞ്ച്മാര്‍ക്കുകള്‍ മാര്‍ഗരേഖകള്‍ എന്നിവ രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര സംഘടനയായ എസ്.സി.എ.ഐയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സങ്കീര്‍ണ ആന്‍ജിയോപ്ളാസ്റ്റി സമ്മേളനമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.