മൂവാറ്റുപുഴ പഴയപാലം നവീകരണം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

മൂവാറ്റുപുഴ: പഴയപാലത്തിന്‍െറ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജഡ്ജി പി. മാധവന്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ ഏഴിന് ദ്രുത പരിശോധന റിപ്പോര്‍ട്ട് നല്‍കണം. ഇപ്പോഴത്തെ പണി പാലത്തിന്‍െറ ബലത്തിന് ക്ഷതമേല്‍പിക്കുമെന്നും സര്‍ക്കാര്‍ അനുവദിച്ച 1.65 കോടി ഉപയോഗിച്ചുള്ള നിര്‍മാണം വലിയ നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി അഡ്വ. എന്‍.പി. തങ്കച്ചന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ആര്‍ച്ച് പാലമാണ് 1914ല്‍ പണി പൂര്‍ത്തീകരിച്ച മൂവാറ്റുപുഴ പഴയപാലം. ശ്രീമൂലം തിരുനാള്‍ രാജാവിന്‍െറ ഭരണകാലത്ത് ബ്രിട്ടീഷ് എന്‍ജിനീയര്‍ വി.കെ. എമറാള്‍ഡാണ് പണി നടത്തിയത്. ഇംഗ്ളണ്ടില്‍നിന്നാണ് സിമന്‍റും കമ്പിയും കൊണ്ടുവന്നത്. ബലം പരീക്ഷിക്കാന്‍ 15 ആനകളെ പാലത്തില്‍ നിര്‍ത്തി എന്‍ജിനീയറും ഭാര്യയും പാലത്തിനു താഴെ വഞ്ചിയില്‍ നിന്നുവെന്നാണ് ചരിത്രം. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. തുടര്‍ന്നാണ് നവീകരിക്കാനും സൗന്ദര്യവത്കരണം നടത്താനും തീരുമാ നിച്ചത്. ആര്‍ക്കിയോളജി വകുപ്പിനെയും പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരെയും കോണ്‍ട്രാക്ടറെയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്. ഹരജിക്കാരനുവേണ്ടി അഡ്വ. കെ.സി. സുരേഷ് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.