കാര്‍ബണ്‍ കമ്പനി മലിനീകരണം; കരിമുകള്‍ മേഖലയില്‍ ദുര്‍ഗന്ധവും കരിപ്പൊടിയും

പള്ളിക്കര: കരിമുകള്‍ ഫിലിപ്സ് കാര്‍ബണ്‍ കമ്പനിയില്‍ നിന്നുള്ള മലിനീകരണം മൂലം പ്രദേശത്ത് ദുര്‍ഗന്ധവും കരിപ്പൊടിയും രൂക്ഷം. കരിമുകളിലും പരിസര പ്രദേശങ്ങളിലും അസഹനീയമായ ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പെരിങ്ങാല, പാടത്തിക്കര, പിണര്‍മുണ്ട, കാണിനാട്, വടവുകോട്, ബ്രഹ്മപുരം, അമ്പലമുകള്‍ പ്രദേശങ്ങളിലും ദുര്‍ഗന്ധം അനുഭവപ്പെടുകയാണ്. കരിപ്പൊടിശല്യം കാരണം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വൃത്തിയാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും കരിപ്പൊടി നിറയും. വൈകുന്നേരങ്ങളിലാണ് ദുര്‍ഗന്ധം വര്‍ധിക്കുന്നത്. പൊടിശല്യവും ദുര്‍ഗന്ധവും വ്യാപകമായതോടെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പിടിപ്പെടുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. കമ്പനിയിലെ പല മലയാളി ജീവനക്കാരെയും മാറ്റി ഇതരസംസ്ഥാനക്കാരെ നിയമിച്ചതോടെ പരാതി പറയാന്‍ പോലും പറ്റാത്ത അവസ്ഥയായി. 30 വര്‍ഷമായി കരിമുകള്‍ നിവാസികള്‍ കാര്‍ബണ്‍ കമ്പനിയുടെ മലിനീകരണം മൂലം ദുരിതം അനുഭവിക്കുകയാണ്. 1984ല്‍ കമ്പനി തുടങ്ങിയപ്പോള്‍ മുതല്‍ സമരവും ആരംഭിച്ചതാണ്. ദുര്‍ഗന്ധവും കരിപ്പൊടിയും രൂക്ഷമായതോടെ 2006 ജൂലൈ 26ന് കമ്പനിയിലേക്ക് ജനങ്ങള്‍ ഇടിച്ച് കയറി പ്രതിഷേധിച്ചു. തുടര്‍ന്ന് രണ്ട് പ്ളാന്‍റുകള്‍ അടച്ചുപൂട്ടിയിരുന്നു. പിന്നീട് പുതിയ പ്ളാന്‍റുകള്‍ പ്രവര്‍ത്തിക്കാനുളള നീക്കമുണ്ടായപ്പോള്‍ മലിനീകരണ വിരുദ്ധസമിതി സമരവുമായത്തെി. സമരവും നിയമപോരാട്ടവും നടക്കുന്നതിനിടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പുതിയ പ്ളാന്‍റിന് ലൈസന്‍സ് നല്‍കി. ഇതോടെ കമ്പനി പ്രവര്‍ത്തനം വര്‍ധിപ്പിച്ചു. ഇത് ദുര്‍ഗന്ധവും കരിപ്പൊടിയും പിന്നെയും വര്‍ധിപ്പിച്ചു. മലിനീകരണ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാനുളള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.