മൂവാറ്റുപുഴയില്‍ മൂന്നുകിലോ കഞ്ചാവ് പിടികൂടി

മൂവാറ്റുപുഴ: രണ്ടുദിവസമായി എക്സൈസ്സംഘം നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി മൂന്നുകിലോ കഞ്ചാവ് പിടികൂടി. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ടൗണില്‍നിന്നും പേഴക്കാപ്പിള്ളിയില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇളമ്പ്ര കരയില്‍ നായ്ക്കന്‍മാവുടിയില്‍ വീട്ടില്‍ എന്‍.കെ. അലി, കമ്മാന്തറ കരയില്‍ ആലക്കല്‍ വീട്ടില്‍ സുധാകരന്‍ എന്നിവരെ 1.4 കിലോ കഞ്ചാവുമായി മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്‍െറ പരിസരത്തുനിന്നാണ് പിടികൂടിയത്. മുടവൂര്‍ വെളിയത്തെകവല കരയില്‍ ആനകത്തില്‍ വീട്ടില്‍ ബിനോയി, പായിപ്ര മേനാംതുണ്ടത്തില്‍ വീട്ടില്‍ സിബി ഫിലിപ്, മൂവാറ്റുപുഴ താലൂക്കില്‍ മുളവൂര്‍ വില്ളേജില്‍ പായിപ്ര പുന്നോപ്പടി പൂവത്തുംചുവട്ടില്‍ വീട്ടില്‍ നജീബ് എന്നിവരെ 1.650 കിലോ കഞ്ചാവുമായി പേഴക്കാപ്പിള്ളിയില്‍നിന്നും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. ആറുവര്‍ഷമായി മൂവാറ്റുപുഴ ടൗണിലും പരിസരങ്ങളിലുമായി നാടോടിയായി ജീവിക്കുന്ന സുധാകരന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചും ഭിക്ഷയാചിച്ചുമാണ് കഴിഞ്ഞുവന്നിരുന്നത്. അതിനാല്‍ ഇയാളെ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 മുതല്‍ 1000 രൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുമാണ് പ്രധാനമായും ഇവര്‍ വിപണനം നടത്തിവന്നിരുന്നത്. ആവശ്യക്കാര്‍ എന്ന വ്യാജേന സമീപിച്ചാണ് ഇവരെ വലയിലാക്കിയത്. പ്രതികളെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ റോയി ജയിംസിന്‍െറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.ഇ. ഉസ്മാന്‍, പ്രിവന്‍റീവ് ഓഫിസര്‍മാരായ സാബു വര്‍ഗീസ്, എസ്.സുരേഷ് കുമാര്‍, ഇ.കെ. ഹരി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എ.കെ. ഫൈസല്‍, ഇ.എ. അസീസ്, എന്‍. ശ്രീകുമാര്‍, കെ.എം.റോബി, രഞ്ജു എല്‍ദോ തോമസ്, പി.ബി. ലിബു, കെ.എ. മനോജ്, ടി.എല്‍. ഗോപാലകൃഷ്ണന്‍, കെ.ജി. അജീഷ്, പി.എസ്. സുനില്‍, എം.ടി. ബാബു, എം.എം. ഷബീര്‍, പി.ബി. മാഹിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എച്ച്. സുഗതബീവി, ശാലിനി ഘോഷ് എക്സൈസ് ഡ്രൈവര്‍ സി.എ. അവറാച്ചന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.