പറവൂര്‍: ഇരുചക്ര വാഹനത്തിലും സ്വകാര്യ കാറുകളിലുമായി വന്ന് നഗരത്തിലെ പൊതുനിരത്തുകളിലും കുറ്റിക്കാടുകളിലും മാലിന്യം വലിച്ചെറിയുന്നവര്‍ കുടുങ്ങും. നഗരസഭ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പ്രിന്‍റ് ചെയ്ത് ഫ്ളക്സ് ബോര്‍ഡില്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. ദേശീയ പാതയില്‍ വഴിക്കുളങ്ങര മുതല്‍ ചേന്ദമംഗലം കവല വരെയും കച്ചേരിപ്പടി, പെരുവാരം, ഗവ. ഗേള്‍സ് ഹൈസ്കൂള്‍ പരിസരം, പഷ്ണിത്തോട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലുമാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. പൊലീസ് നേരത്തേ സ്ഥാപിച്ച കാമറകള്‍ക്ക് പുറമേയാണ് നഗരസഭയുടെ കാമറകള്‍. ഇങ്ങനെ കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഫ്ളക്സില്‍ അച്ചടിച്ച് പരസ്യമായി നഗരത്തില്‍ പ്രദര്‍ശിപ്പിക്കും. മുന്നറിയിപ്പ് എന്നനിലയില്‍ ആദ്യം വ്യക്തിയുടെ മുഖം മറച്ചുള്ള ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുക. ആവര്‍ത്തിക്കുകയാണെങ്കില്‍ ആളെ തിരിച്ചറിയുന്ന വിധം വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇതിന് പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കിയതായി ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് പറഞ്ഞു.നിലവില്‍ 28 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണ കാമറകളുടെ കണ്‍ട്രോളിങ് യൂനിറ്റ് സി.ഐ ഓഫിസിലും നഗരസഭയിലും സ്ഥാപിച്ചിട്ടുണ്ട്. ക്ളീന്‍ പറവൂര്‍, ഗ്രീന്‍ പറവൂര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.