ഗ്രൂപ്പുപോരില്‍ കളമശ്ശേരി നഗരസഭാ ഭരണം താളംതെറ്റുന്നു

കളമശ്ശേരി: പാര്‍ട്ടിയിലെ ഗ്രൂപ് പോരില്‍ കളമശ്ശേരി നഗരസഭാഭരണം താളംതെറ്റുന്നു. മാലിന്യനീക്കം ഉള്‍പ്പെടെ കാര്യങ്ങള്‍പോലും നടക്കാതായതോടെ ജനം രോഷത്തിലാണ്. കഴിഞ്ഞ ഒരു മാസത്തിന് മേലെയായി വീടുകളിലും മറ്റും കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യം ശനിയാഴ്ച മുതല്‍ എടുത്തുതുടങ്ങുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അറിയിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മുതല്‍ വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ എടുത്തുതുടങ്ങാമെന്നാണ് നഗരസഭാ അധ്യക്ഷ കൗണ്‍സിലില്‍ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കിയത്. എന്നാല്‍, എപ്പോള്‍, എവിടെനിന്ന് എടുത്തുതുടങ്ങുമെന്ന കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. എന്നാല്‍, കൗണ്‍സില്‍ യോഗത്തിനുശേഷം ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ അടിയന്തര യോഗം ചേര്‍ന്ന് വീടുകളില്‍നിന്നുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ പിറ്റേദിവസം ശനിയാഴ്ച മുതല്‍തന്നെ എടുക്കാമെന്ന് തീരുമാനിച്ചു. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ 10 ശതമാനം പോലും നീക്കാന്‍ അധികൃതര്‍ക്കായില്ല. പ്ളാസ്റ്റിക് മാലിന്യനീക്കം മുടങ്ങിയതിനത്തെുടര്‍ന്ന് ജനങ്ങള്‍ മാലിന്യം റോഡരികിലാണ് കത്തിക്കുന്നത്. ഭരണമുന്നണിയിലെ ഗ്രൂപ്പുപോര് കൗണ്‍സില്‍ യോഗങ്ങളിലും മുഴച്ചുനില്‍ക്കുകയാണ്. ഒരു മാസം മുമ്പ് നഗരസഭയുടെ കീഴിലുള്ള യൂത്ത് കോഓഡിനേറ്റര്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയില്‍നിന്നും എ, ഐ ഗ്രൂപ്പുകളില്‍നിന്നുള്ള രണ്ട് പേരുകളാണ് ഉയര്‍ന്നത്. ഇതത്തേുടര്‍ന്ന് പ്രതിപക്ഷത്തുനിന്ന് ഒരു സ്ഥാനാര്‍ഥിയുടെ പേരും വന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പില്‍നിന്നുള്ള പി.എം. നജീബ് 19 പേരുടെ വോട്ടില്‍ വിജയിച്ചു. എന്നാല്‍, ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടുന്ന എ ഗ്രൂപ് സ്ഥാനാര്‍ഥിക്ക് നാല് വോട്ടാണ് ലഭിച്ചത്. ഇതിനു പിന്നാലെ നിലവിലെ നഗരസഭാ സെക്രട്ടറിയെ നീക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തോടെപ്പം ഐ ഗ്രൂപ്പും ചേര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇത്തരത്തില്‍ ഭരണകക്ഷിയിലുള്ള അനൈക്യം നഗരസഭാ ഭരണത്തെ താളം തെറ്റിക്കുന്നതായാണ് പ്രതിപക്ഷ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.