പെരിങ്ങാല–പാടത്തിക്കര റോഡ് കൈയേറ്റം: 35 താമസക്കാര്‍ക്ക് പി.ഡബ്ള്യു.ഡി നോട്ടീസ്

പള്ളിക്കര: കിഴക്കമ്പലം-ചിത്രപ്പുഴ റോഡിലെ പെരിങ്ങാല-പാടത്തിക്കര ഭാഗത്ത് റോഡ് കൈയേറ്റം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് ഇരുവശത്തെയും 35 താമസക്കാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. റോഡ് കൈയേറ്റത്തെയും ഇതുമൂലമുള്ള ഗതാഗതക്കുരുക്കിനെയും കുറിച്ച് നേരത്തേ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍നടപടിയായാണ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത്. പാടത്തിക്കര ജങ്ഷന് സമീപം റോഡില്‍ ഗതാഗതക്കുരുക്കും റോഡപകടങ്ങളും പതിവാണ്. ഈ ഭാഗത്ത് റോഡിന് വീതിയില്ലാത്തതും വ്യാപക കൈയേറ്റവുമാണ് അപകടകാരണം. റോഡിന്‍െറ ഇരുവശത്തും താമസിക്കുന്നവരുടെ മതിലുകള്‍ റോഡിലേക്കിറക്കി നിര്‍മിച്ചതായാണ് ആരോപണം. നിരവധി വളവുകളുള്ള ഇവിടെ വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്കിറങ്ങിനില്‍ക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. മേഖലയിലെ പ്രധാന റോഡായ ഇതുവഴി നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പരിസരത്തെ ക്രഷര്‍ യൂനിറ്റുകളിലേക്ക് പോകുന്ന ടിപ്പറുകളും അമ്പലമേട് വ്യവസായ ശാലകളിലേക്ക് പോകുന്ന വാഹനങ്ങളും ബസുകളുമെല്ലാം സഞ്ചരിക്കുന്ന റോഡാണിത്. കോട്ടയം, ആലപ്പുഴ ഭാഗത്തുനിന്ന് വാഹനങ്ങള്‍ക്ക് നെടുമ്പാശ്ശേരിയിലേക്ക് എത്തുന്നതിനുള്ള എളുപ്പവഴി കൂടിയാണ്. റോഡിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും പെരിങ്ങാല-പാടത്തിക്കര ഭാഗത്ത് മാത്രം ഒരു വാഹനത്തിന് കടന്നുപോകാവുന്ന വീതിയേ ഉള്ളൂ. അതുകൊണ്ട് ഇരുദിശയില്‍നിന്ന് വാഹനങ്ങള്‍ വരുമ്പോള്‍ ഗതാഗതക്കുരുക്കുണ്ടാവുകയാണ്. അപകടങ്ങള്‍ക്കും കാരണം റോഡിന്‍െറ ഈ വീതിയില്ലായ്മ തന്നെ. ഈ ഭാഗത്ത് ഓവുചാലും നിര്‍മിച്ചിട്ടില്ല. അപകടങ്ങള്‍ പതിവാണെങ്കിലും ഒരു മുന്നറിയിപ്പ് ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.