സ്വകാര്യബസുകളിലെ സീറ്റ് സംവരണം കര്‍ശനമാക്കും

കൊച്ചി: സ്വകാര്യബസുകളിലെ സീറ്റ് സംവരണം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ.എം. ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതനുസരിച്ച് നിയമപ്രകാരമുള്ള സീറ്റ് സംവരണം ചാര്‍ട്ട് തയാറാക്കി ബസ് ഓപറേറ്റര്‍മാര്‍ക്ക് നല്‍കും. 39 സീറ്റുള്ള ഒരു ബസില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ സീറ്റുകള്‍ ഒഴികെയുള്ളവയിലാണ് സംവരണം. സ്ത്രീകള്‍ക്ക് ഒമ്പത് സീറ്റ്. മുതിര്‍ന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പുരുഷന്മാര്‍ക്കും നാല് സീറ്റ് വീതം, അംഗപരിമിതര്‍ക്ക് രണ്ട് സീറ്റ്, അന്ധന്‍, അമ്മയും കുഞ്ഞും എന്നിവര്‍ക്ക് ഓരോ സീറ്റ് വീതം എന്നിങ്ങനെയാണ് സംവരണം. വാഹനപരിശോധനയില്‍ ഇക്കാര്യത്തില്‍ ക്രമക്കേടുകള്‍ കണ്ടത്തെിയാല്‍ അത് പരിഹരിച്ച് ബസ് മൂന്നുദിവസത്തിനകം വീണ്ടും ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ വിഷയം ആര്‍.ടി.എ യോഗത്തില്‍ അവതരിപ്പിക്കും. ബസിലെ സീറ്റ് സംവരണ വിവരം പെയ്ന്‍റില്‍ എഴുതിയിരിക്കണം. ഇക്കാര്യത്തില്‍ വാഹന ഉടമക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം. കണ്ടക്ടര്‍മാര്‍ നിര്‍ബന്ധമായും യൂനിഫോമും നെയിംപ്ളേറ്റും ധരിച്ച് ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ബസുടമകള്‍ യോഗത്തില്‍ അറിയിച്ചു. ലൈസന്‍സുള്ള കണ്ടക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട് കൂടുതല്‍ വനിതാ കണ്ടക്ടര്‍മാരെ ലഭിക്കുമോയെന്ന് പരിഗണിക്കണമെന്ന് ആര്‍.ടി.ഒ അഭിപ്രായപ്പെട്ടു. ടിക്കറ്റ് യന്ത്രം കൂടുതല്‍ ബസുകളില്‍ ഏര്‍പ്പെടുത്താന്‍ ഉടമകള്‍ സമ്മതിച്ചു. അതേസമയം, ടിക്കറ്റുകളില്‍ ബസുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിന് കൂടുതല്‍ സാവകാശം വേണമെന്ന് ഉടമകള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.