കൊച്ചി/കളമശ്ശേരി: മഴ കനത്തതോടെ കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടും അനുബന്ധപ്രശ്നങ്ങളും രൂക്ഷമായി. ശക്തമായ കാറ്റില്‍ പലയിടത്തും മരം വീഴുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. പലയിടങ്ങളിലും വൈദ്യുതി കാലുകളും തകര്‍ന്നു വീഴുന്നുണ്ട്. തിങ്കളാഴ്ചയോടെയാണ് മഴ വീണ്ടും ശക്തിപ്രാപിച്ചത്. പശ്ചിമ കൊച്ചി ഭാഗങ്ങളില്‍ വീഴാറായ മരങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആലുവയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചിട്ടും വീഴാറായ മരങ്ങള്‍ വെട്ടിനീക്കാനോ ചില്ലകള്‍ വെട്ടിമാറ്റാനോ അധികൃതര്‍ തയാറായിട്ടില്ല. ഫോര്‍ട്ട്കൊച്ചി മുതല്‍ കുമ്പളങ്ങി വരെയുള്ള റോഡരികില്‍ കൂറ്റന്‍ മരങ്ങള്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്നുണ്ട്. പരാതിപ്പെട്ടിട്ടും മുറിച്ചുമാറ്റാന്‍ നടപടിയെടുത്തില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പെരുമ്പടപ്പ് സ്റ്റാന്‍ഡിനു സമീപത്തെ സ്കൂളുകള്‍ക്കു മുകളില്‍ അപകട ഭീഷണിയുയര്‍ത്തി മരങ്ങള്‍ നില്‍ക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചി വെളി ജങ്ഷനില്‍ ഉണങ്ങിനില്‍ക്കുന്ന മരം മുറിച്ചുമാറ്റാനും നടപടിയായിട്ടില്ല. പള്ളുരുത്തി, തൃപ്പൂണിത്തുറ ഭാഗങ്ങളിലും കഴിഞ്ഞ ദിവസത്തെ മഴയില്‍ മരം വീണ് ഗതാഗതം മുടങ്ങിയിരുന്നു. കൊച്ചി നഗരത്തില്‍ അഴുക്കുചാലുകളിലെ മാലിന്യം നീക്കിയതിനാല്‍ മഴക്കാലത്തെ ആദ്യനാളുകളില്‍ അനുഭവപ്പെട്ട വെള്ളക്കെട്ട്പ്രശ്നം ഇത്തവണയില്ല. എങ്കിലും മെട്രോ നിര്‍മാണം നടക്കുന്ന പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ കൃത്യമായി നടക്കാത്ത ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. മഴ കനത്തതോടെ പലയിടങ്ങളിലും മാലിന്യപ്രശ്നങ്ങളും രൂക്ഷമായി. പലയിടങ്ങളിലും റോഡ് തകര്‍ന്നിട്ടുമുണ്ട്. കത്രിക്കടവ്-കലൂര്‍ റോഡ് തകര്‍ന്ന് ഗതാഗതം ബുദ്ധിമുട്ടിലായി. 10 ദിവസത്തിനുള്ളില്‍ നഗരത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ളെങ്കില്‍ ഇടപെടുമെന്ന് ഹൈകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും റോഡ് നന്നാക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും നഗരസഭയുടെ ഭാഗത്തുനിന്നോ ബന്ധപ്പെട്ട അധികൃതരില്‍നിന്നോ ആരംഭിച്ചിട്ടില്ല. കളമശ്ശേരിയില്‍ ദേശീയപാതയിലെ കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. റോഡിന്‍െറ പല ഭാഗങ്ങളില്‍ രൂപംകൊണ്ട കുഴികളുടെ വലുപ്പം നാള്‍ക്കുനാള്‍ കൂടി വരുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുമ്പോള്‍ കുഴി തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ഒരാഴ്ചമുമ്പ് കളമശ്ശേരി അപ്പോളോ ഗ്രൗണ്ടിനുമുന്നിലെ കുഴിയില്‍ ചാടി സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മക്ക് പരിക്കേറ്റിരുന്നു. രണ്ടുദിവസം മുമ്പ് ടി.വി.എസ് കവലയിലെ കുഴിയില്‍ ചാടിയ ബൈക്ക് യാത്രക്കാരനും അപകടത്തില്‍പെട്ടു. മെട്രോ നിര്‍മാണത്തിനിടെയാണ് ദേശീയപാതയിലെ പലഭാഗത്തും കുഴികള്‍ രൂപംകൊണ്ടത്. കുഴികള്‍ മഴക്കുമുമ്പ് അടക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഒരാഴ്ചമുമ്പ് കളമശ്ശേരി നഗരസഭാ അധികൃതര്‍ വെള്ളക്കെട്ടും കുഴികളും മെട്രോ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.