കൊച്ചി: നഗരത്തില്‍ നിലവിലുള്ള ഗതാഗത ക്രമീകരണങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ സമഗ്രമായി പരിഷ്കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായ നഗരത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച അഭിപ്രായ രൂപവത്കരണത്തിനായി സി.എം.എഫ്.ആര്‍.ഐ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തില്‍ ലോഫ്ളോര്‍ സിറ്റി ബസ് സര്‍വിസിനുള്ള സാധ്യത പരിശോധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോട് ഡി.ജി.പി ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാല്‍ ലോഫ്ളോര്‍ സര്‍വിസ് നടത്താന്‍ തയാറാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം ഭാരവാഹികളും വ്യക്തമാക്കി. നഗരത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും റെസിഡന്‍റ്സ് അസോസിയേഷനുകളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായം സ്വീകരിച്ച് ശാസ്ത്രീയമായ പരിഷ്കരണങ്ങളാണ് നടപ്പാക്കുകയെന്നും ഡി.ജി.പി പറഞ്ഞു. നിലവിലെ ഡ്രൈവിങ് സ്കൂള്‍ രീതിയെയും ഡി.ജി.പി വിമര്‍ശിച്ചു. കൃത്യമായ പഠനങ്ങളില്ലാതെയാണ് ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനമെന്നും ഡ്രൈവിങ് സ്കൂളുകള്‍ വഴി ശാസ്ത്രീയമായ രീതിയില്‍ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ, തടവ് തുടങ്ങിയ ശിക്ഷകളുടെ വിവരങ്ങള്‍ പ്രധാന കേന്ദ്രങ്ങളിലും പൊലീസിന്‍െറ വെബ്സൈറ്റിലും പരസ്യപ്പെടുത്തുമെന്നും ഡി.ജി.പി പറഞ്ഞു. നടപ്പാതകളുടെ നിര്‍മാണം, സംരക്ഷണം എന്നിവക്ക് റെസിഡന്‍റ്സ് അസോസിയേഷനുകള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍ സ്വമേധയാ മുന്നോട്ടുവരണം. മെട്രോ റെയില്‍ പദ്ധതിയില്‍ തൂണുകളുടെയും ഗര്‍ഡറുകളുടെയും നിര്‍മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ റോഡുകള്‍ മെച്ചപ്പെടുത്തുകയും പാര്‍ക്കിങ് ക്രമീകരിക്കുകയും വേണമെന്ന് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മെട്രോ റെയില്‍ പദ്ധതിക്ക് അനുബന്ധമായി വികസിപ്പിച്ച റോഡുകളില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കെ.എം.ആര്‍.എല്‍ പ്രതിനിധി നിര്‍ദേശിച്ചു. ജങ്ഷനുകള്‍, മീഡിയനുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കമാനങ്ങള്‍, തോരണങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജങ്ഷനുകളില്‍ നിര തെറ്റിച്ച് പായുന്ന വാഹനങ്ങള്‍ക്ക് ശിക്ഷ ചുമത്തണമെന്നും ആവശ്യമുയര്‍ന്നു. കേരളത്തില്‍ ഏറ്റവും നന്നായി ഗതാഗത നിയമ പാലനം നടക്കുന്ന നഗരമാണ് കൊച്ചിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി. സന്ധ്യ പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഗതാഗത ബോധവത്കരണം, സുരക്ഷ ജാഗ്രത സമിതികള്‍ രൂപവത്കരിക്കല്‍, ബ്ളാക് സ്പോട്ടുകള്‍ നിര്‍ണയിക്കല്‍ എന്നിവ സിറ്റി പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ പൊതുജന സഹകരണത്തോടെ ഉടന്‍ നടപ്പാക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു. കൊച്ചി റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, സിറ്റി പൊലീസ് തലവന്‍ എം.പി. ദിനേശ്, ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവരും സംസാരിച്ചു. നഗരത്തിലെ വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, വാഹന ഉടമ, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, ആര്‍.ടി.ഒ വകുപ്പ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.