കാനയിലെ മാലിന്യം റോഡില്‍ തള്ളി

ആലുവ: കാനയില്‍നിന്ന് കോരിയ മാലിന്യം റോഡില്‍ തള്ളി നഗരസഭയുടെ മഴക്കാല പൂര്‍വശുചീകരണം. പാലസ് റോഡില്‍ ലക്ഷ്മി നഴ്സിങ് ഹോമിന് സമീപമാണ് ഒരാഴ്ചയിലധികമായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്രദേശത്ത് ദുര്‍ഗന്ധത്തിനും കൊതുക്, ഈച്ച എന്നിവയുടെ ശല്യത്തിനും ഇത് കാരണമാകുന്നുണ്ട്. നഴ്സിങ് ഹോം, സമീപത്തെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മാലിന്യം ദുരിതമാകുന്നുണ്ട്. മാലിന്യം മൂലം കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. കോളജ്, നിരവധി വിദ്യാലയങ്ങള്‍ തുടങ്ങിയവ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ രണ്ട് നേരവും ഇതുവഴിയാണ് പോകുന്നത്. മഴക്കാല പൂര്‍വ ശുചീകരണത്തിന് ലക്ഷങ്ങളാണ് നഗരസഭ ചെലവാക്കുന്നത്. ഇതില്‍ കൂടുതലും കാന ശുചീകരണത്തിനാണ്. എന്നാല്‍, പേരിന് കാനയിലെ മാലിന്യം കോരി റോഡില്‍ തള്ളുകയാണ്. മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള നഗരത്തിലെ പല സ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. മാലിന്യ പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ നഗരസഭ നിസ്സംഗത കാണിക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം പുഴയില്‍ തള്ളിയവര്‍ക്കെതിരെ നഗരസഭയോ ആരോഗ്യ വകുപ്പ് അധികൃതരോ നടപടി എടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.