ഓട്ടോകള്‍ക്ക് കൊച്ചി സിറ്റി ഒഴികെ ഏത് സ്റ്റാന്‍ഡും ഉപയോഗിക്കാം –ഹൈകോടതി

പെരുമ്പാവൂര്‍: ജില്ലയിലെ ഓട്ടോറിക്ഷകള്‍ക്ക് കൊച്ചിന്‍ കോര്‍പറേഷന്‍ ഒഴികെയുള്ള ഏത് ഓട്ടോ സ്റ്റാന്‍ഡുകളും ഉപയോഗിക്കാമെന്നും എവിടെനിന്ന് വേണമെങ്കിലും യാത്രക്കാരെ കയറ്റാമെന്നും ഹൈകോടതി. പെരുമ്പാവൂരിലെ 25 ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ പെരുമ്പാവൂര്‍ ജോ.ആര്‍.ടി.ഒ, പെരുമ്പാവൂര്‍ പൊലീസ്, നഗരസഭ എന്നിവരെ എതിര്‍കക്ഷികളാക്കി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. പെരുമ്പാവൂര്‍ നഗരസഭയും ആര്‍.ടി.ഒയും പൊലീസും ചേര്‍ന്ന് നഗരസഭ പരിധിക്കുള്ളില്‍ ഓട്ടോ സ്റ്റാന്‍ഡുകള്‍ 22 ആയി നിജപ്പെടുത്തിയിരുന്നു. ഈ സ്റ്റാന്‍ഡുകളില്‍ നഗരസഭയുടെ നമ്പറിട്ട ഓട്ടോകള്‍ മാത്രം ഓടിക്കണമെന്ന ഉത്തരവാണ് ഹൈകോടതി റദ്ദാക്കിയത്. കൂടാതെ നിശ്ചിത സ്റ്റാന്‍റുകളില്‍ നിന്നും മാത്രമേ യാത്രക്കാരെ കയറ്റാന്‍ പാടുള്ളുവെന്ന നിബന്ധനയും ഹൈകോടതി ഒഴിവാക്കി. ചില പ്രത്യേക സ്ഥലങ്ങള്‍ പാര്‍ക്കിങ് ഏരിയാ ആയി നിജപ്പെടുത്താനോ ചില ഓട്ടോകള്‍ക്ക് മാത്രം നമ്പറിട്ട് അത് ഇന്ന സ്ഥലത്ത് നിന്നും മാത്രമേ സര്‍വിസ് നടത്താന്‍ അനുമതിയുള്ളൂവെന്ന് ഉത്തരവ് നല്‍കാനോ സര്‍ക്കാറിനല്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ജോയന്‍റ് ആര്‍.ടി.ഒക്കോ അധികാരമില്ളെന്നും ഇതിനായി പ്രത്യേക നോട്ടിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ അനുവദിക്കാന്‍ പറ്റൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ നാളുകളായി വിവിധ യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ തൊഴിലാളികളും യൂനിയനുകളില്‍ അംഗമല്ലാത്ത തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കോടതി ഉത്തരവോടെ ഇല്ലാതായത്. ഇതിന്‍െറ പേരില്‍ പലപ്പോഴും നഗരത്തിലെ പല സ്റ്റാന്‍ഡുകളിലും സംഘര്‍ഷങ്ങളും നടന്നിരുന്നു. നഗരസഭ അനുവദിച്ച സ്റ്റാന്‍ഡുകളില്‍ ഓട്ടോറിക്ഷകള്‍ക്ക് നമ്പറിടുന്നതിന് തൊഴിലാളികളില്‍നിന്നും വന്‍തുക ഈടാക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. 2013 മുതലാണ് ഇത്തരത്തിലുള്ള നിബന്ധനകള്‍ പെരുമ്പാവൂര്‍ നഗരസഭ കൊണ്ടുവന്നത്. എന്നാല്‍, ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് കൊച്ചി സിറ്റി ഒഴികെയുള്ള ഏത് ഭാഗത്തും പാര്‍ക്ക് ചെയ്യുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും അനുമതി നല്‍കിക്കൊണ്ടാണെന്നും ഇത് തടയുന്നത് മൗലീകവകാശ ലംഘനമാണെന്നും ഹൈകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റുമാരായ എസ്.വിനോദ്ഭട്ട്, ലിജിത്ത്.ടി.കോട്ടയ്ക്കല്‍ എന്നിവര്‍ ഹാജരായി. പെരുമ്പാവൂരിലെ സംയുക്ത യൂനിയന്‍ കോഓഡിനേഷന്‍ കമ്മിറ്റി കേസില്‍ കക്ഷി ചേര്‍ന്നെങ്കിലും ഇവരുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.