ആലുവ റൂറല്‍ പൊലീസില്‍ തലമാറി തുടങ്ങി

നെടുമ്പാശ്ശേരി: ആലുവ റൂറല്‍ പൊലീസില്‍ വ്യാപകമായ അഴിച്ചുപണി. റൂറല്‍ എസ്.പിയെ മാറ്റിയതിന് പിന്നാലെ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന്‍, ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി ജിജിമോന്‍ എന്നിവരെയും സ്ഥലംമാറ്റി. ഇവര്‍ക്ക് എവിടേക്കാണ് സ്ഥലംമാറ്റമെന്ന് വ്യക്തമാക്കിയിട്ടില്ല. ജിഷ വധക്കേസ് അന്വേഷിക്കാന്‍ ആദ്യം രൂപവത്കരിച്ച അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു ജിജിമോന്‍. എന്നാല്‍, ആദ്യ അന്വേഷണ സംഘം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ളെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് പുതിയ സംഘം ജിജിമോന്‍െറ സേവനം കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നില്ല. ഹരികൃഷ്ണന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി സ്ഥാനത്തുനിന്നുമാണ് സ്പെഷല്‍ ബ്രാഞ്ചിലേക്ക് അടുത്തിടെ എത്തിയത്. എന്നാല്‍, വളരെ കുറച്ചുനാള്‍ മാത്രമാണ് അദ്ദേഹം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനത്തുള്ളത് ആലുവ റൂറല്‍ ജില്ലയിലാണ്. അതുകൊണ്ടുതന്നെ മറ്റ് ഭാഷകള്‍കൂടി നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം റൂറല്‍ ജില്ലയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. താമസിയാതെ ചില സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കും സ്ഥാനചലനമുണ്ടാകും. ഓരോ എസ്.ഐമാരുടെയും സി.ഐമാരുടെയും പ്രവര്‍ത്തന കാലയളവില്‍ അവരുടെ പ്രവര്‍ത്തനമേഖലയിലുണ്ടായിട്ടുളള വിവിധ കേസുകളുള്‍പ്പെടെ വിവരങ്ങളും ആഭ്യന്തര വകുപ്പ് തേടിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചായിരിക്കും ഉദ്യോഗസ്ഥര്‍ക്ക് മാറ്റമുണ്ടാവുക. തെരഞ്ഞെടുപ്പ് വേളയില്‍ താല്‍ക്കാലികമായി മാറ്റിയ ചില ഉദ്യോഗസ്ഥരെ വീണ്ടും അതതിടങ്ങളിലേക്ക് തിരികെ കൊണ്ടുവന്നിട്ടുമില്ല. ആലുവയില്‍ പൊലീസിന്‍െറ നാര്‍കോട്ടിക് സെല്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. കഞ്ചാവ് കടത്തുള്‍പ്പെടെ പല കേസുകളിലും അതുകൊണ്ടുതന്നെ നടപടികളും കാര്യമായി മുന്നോട്ട് കൊണ്ടുപോകുന്നില്ല. മറ്റ് വിഭാഗങ്ങളിലുള്ള ഡിവൈ.എസ്.പിമാര്‍ അവധിയില്‍ പോകുമ്പോഴും മറ്റും ചുമതലയേല്‍ക്കുകയെന്നതാണ് പലപ്പോഴും നാര്‍കോടിക് ഡിവൈ.എസ്.പിമാര്‍ ചെയ്യുന്നത്. ജിഷ വധക്കേസിന്‍െറ വിവരങ്ങള്‍ ശരിയായ വിധത്തില്‍ ഉന്നതതലങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്ന ആക്ഷേപവും നിലവിലുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് റൂറല്‍ ജില്ലയില്‍ വ്യാപകമായ അഴിച്ചുപണിക്കൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.