തൃക്കാക്കര നഗരസഭ: അവിശ്വാസ ഭീഷണിയില്‍ എല്‍.ഡി.എഫ് ഭരണം

കൊച്ചി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുന്നു. ഭരണത്തിലേറാന്‍ പിന്തുണച്ച വിമതനെ പാര്‍ട്ടിക്ക് പുറത്തുനിര്‍ത്താനുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍െറ ശ്രമങ്ങളാണ് ഭരണത്തിന് ഭീഷണിയാകുന്നത്. സി.പി.എമ്മിലെ കെ.കെ. നീനു നഗരസഭാ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ട് കഴിഞ്ഞമാസം 30ന് ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് അവിശ്വാസത്തിലൂടെ അധ്യക്ഷയെ പുറത്താക്കാന്‍ യു.ഡി.എഫില്‍ അണിയറനീക്കം തുടങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് വിമതന്‍ സാബു ഫ്രാന്‍സിസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. 20 അംഗങ്ങളുള്ള ഇടതുമുന്നണിക്ക് അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് വിമതന്‍െറയും സി.പി.എം വിമതന്‍െറയും പിന്തുണ വേണമായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്ന് അംഗങ്ങളുള്ള യു.ഡി.എഫിന് ഏതെങ്കിലും ഒരു വിമതന്‍െറ പിന്തുണ മാത്രം മതി അധികാരത്തിലേറാന്‍. 43 അംഗ കൗണ്‍സിലില്‍ രണ്ട് വിമതരുടെ വിജയമായിരുന്നു മുന്നണി നേതാക്കളുടെ ഉറക്കം കെടുത്തിയത്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം വിമതന്‍ എം.എം. നാസര്‍ യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തയാറായിരുന്നുവെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് ജില്ലാ ആസ്ഥാനത്തെ നഗരസഭാ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കി. അധ്യക്ഷസ്ഥാനത്തെച്ചൊല്ലി എ, ഐ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് സി.പി.എം വിമതന്‍ എം.എം നാസര്‍ ഇടതുപക്ഷത്തോടൊപ്പം ചേരുകയായിരുന്നു. തൃക്കാക്കരയില്‍ ഗ്രൂപ്പുരാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ച മുന്‍ എം.എല്‍.എ ബെന്നി ബഹനാന് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് സീറ്റ് നിഷേധിക്കുകയും പി.ടി. തോമസ് എം.എല്‍.എ ആയതുമാണ് തൃക്കാക്കരയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ജില്ലാനേതാവിനെ മൂന്നാം സ്ഥാനത്താക്കി വിജയിച്ച സാബു ഫ്രാന്‍സിസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനോട് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, അവിശ്വാസത്തിലൂടെ നിലവിലെ ചെയര്‍പേഴ്സണ്‍ കെ.കെ. നീനുവിനെ പുറത്താക്കി വിമതനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുതന്നെ നിലനിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാര്‍ട്ടിയുമായി അകന്നുനില്‍ക്കുന്ന സി.പി.എം വിമതനെ കൂടെ കൂട്ടി അവിശ്വാസഭീഷണിയില്ലാത്ത ഭരണമാണ് യു.ഡി.എഫ് ലക്ഷ്യം. നാസറിന് വൈസ് ചെയര്‍മാന്‍ സ്ഥാനമായിരുന്നു അന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം, എല്‍.ഡി.എഫിന് ഒപ്പം ചേര്‍ന്ന നാസറിന് പാര്‍ട്ടിയിലെ ഒരുവിഭാഗത്തില്‍നിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്. അധികാരം നേടാന്‍ ഒപ്പം നിര്‍ത്തിയ വിമതനെ സി.പി.എം പ്രാദേശിക നേതാക്കള്‍ പുകഞ്ഞ കൊള്ളിയാക്കി പാര്‍ട്ടിക്ക് പുറത്തുനിര്‍ത്തുകയായിരുന്നു. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളില്‍പോലും സി.പി.എം നേതാക്കളുടെ എതിര്‍പ്പുകളെ നേരിടേണ്ട ഗതികേടിലാണ് വിമതന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിന് വിമതനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യംപോലും പ്രാദേശിക നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി നേതൃത്വം അംഗീകരിക്കുന്നില്ല. നഗരസഭാ ഭരണം നഷ്ടപ്പെട്ടാലും വിമതനെ പാര്‍ട്ടിയില്‍ അടുപ്പിക്കില്ളെന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതാക്കളില്‍ ഒരുവിഭാഗം. ചെയര്‍പേഴ്സണ്‍ സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാല്‍ ഭരണം നിലനിര്‍ത്താനും പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.