ചെകുത്താനും കടലിനുമിടയിലായി ജനം: പൊട്ടിപ്പൊളിഞ്ഞ് മാലിന്യത്തൊട്ടിയായി മട്ടാമ്പ്രം ജങ്ഷന്‍-മുകുന്ദ് മല്ലര്‍ റോഡ്

തലശ്ശേരി: തകര്‍ന്ന റോഡും റോഡിനു സമീപത്തെ മാലിന്യക്കൂമ്പാരവും ദുരിതം സൃഷ്ടിക്കുന്നു. മട്ടാമ്പ്രം ജങ്ഷന്‍-മുകുന്ദ് മല്ലര്‍ റോഡാണ് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഒരുപോലെ ദുരിതം വിതക്കുന്നത്. മട്ടാമ്പ്രത്തുനിന്ന് പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് എളുപ്പത്തില്‍ എത്താവുന്ന റോഡാണിത്. കോഴിക്കോട് നിന്നുള്ള ബസുകളും ട്രെയിലറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നത് ഇതുവഴിയാണ്. വലിയ വാഹനങ്ങളുടെ നിരന്തര ഓട്ടം കാരണം റോഡ് തകര്‍ന്നിട്ട് നാളുകളേറെയായി. എന്നിട്ടും തിരക്കുള്ള റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാകാത്തതാണ് യാത്രക്കാരെയും പരിസരവാസികളെയും ദുരിതത്തിലാക്കുന്നത്. റോഡ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴയായതിനാല്‍ കുഴിയില്‍ ചളിവെള്ളം നിറഞ്ഞിട്ടുണ്ട്. ബൈക്കും ഓട്ടോറിക്ഷയും കാറും ഉള്‍പ്പെടെ ചെറിയ വാഹനങ്ങള്‍ ഈ കുഴികള്‍ താണ്ടിയാണ് കടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നു. റോഡിന് സമീപത്തെ മാലിന്യക്കൂമ്പാരം ദുരിതം ഇരട്ടിയാക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത് ദുര്‍ഗന്ധം സഹിക്കാന്‍ പരിസരവാസികളെ നിര്‍ബന്ധിതരാക്കുന്നു. 20 വര്‍ഷത്തോളമായി റോഡരികിലെ ഓട വൃത്തിയാക്കാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാല്‍, തിരക്കിട്ട് നടത്തിയതായതിനാല്‍ കുറഞ്ഞ ദിവസം കൊണ്ടുതന്നെ റോഡ് തകര്‍ന്ന് കുഴിയുണ്ടായി. മഴക്കാലമായതോടെ റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞ് കാല്‍നടപോലും ദുഷ്കരമായി. വാഹനങ്ങള്‍ വരുമ്പോള്‍ ഇതുവഴിയുള്ള കാല്‍നട ഭീതിജനകമാണ്. കുഴി ഒഴിവാക്കി നടപ്പാതയില്‍ കൂടിയാണ് ചെറുവാഹനങ്ങള്‍ പലപ്പോഴും കടന്നുപോകുന്നത്. ഇതുകാരണം ആളുകള്‍ക്ക് നടപ്പാതയിലൂടെ നടക്കാനും ഭയമാണ്. തലശ്ശേരി നഗരസഭയിലെ ഏറ്റവും വലിയ വാര്‍ഡായ മാരിയമ്മ വാര്‍ഡിലാണ് റോഡ്. എക്കാലത്തും മുസ്ലിംലീഗ് പ്രതിനിധിയാണ് വാര്‍ഡില്‍ കൗണ്‍സിലറാകുന്നത്. കഴിഞ്ഞ തവണ മാത്രമാണ് ബി.ജെ.പി ഈ വാര്‍ഡില്‍ ജയിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്‍െറ വനിതാ പ്രതിനിധിയാണ് ഇവിടെനിന്ന് നഗരസഭയിലത്തെിയത്. പ്രതിപക്ഷത്തെ മാത്രം ജയിപ്പിക്കുന്ന വാര്‍ഡായതിനാല്‍ റോഡിന്‍െറ കാര്യത്തില്‍ നഗരസഭക്ക് വേണ്ടത്ര താല്‍പര്യമില്ളെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നു. 150ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന നഗരസഭ റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.