അഴിമതിരഹിത സര്‍ക്കാര്‍ ഓഫിസ്; ആദ്യപരിപാടി കുമ്പളങ്ങി വില്ളേജില്‍

കൊച്ചി: കേരളത്തിലെ വില്ളേജ് ഓഫിസുകള്‍ അഴിമതിരഹിത സമയബന്ധിത സേവനം പ്രദാനം ചെയ്യുന്ന ജനസൗഹൃദ കേന്ദ്രങ്ങളാക്കുന്നതിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, ജനപ്രതിനിധികള്‍, സര്‍ക്കാരേതര സംഘടനകള്‍ എന്നിവയുടെ കൂട്ടായ യജ്ഞത്തിന് ആന്‍റണി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റ് മുന്‍കൈ എടുക്കുന്നു. ആദ്യ പരിപാടി കുമ്പളങ്ങി പഞ്ചായത്ത് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ കുമ്പളങ്ങി വില്ളേജ് ഓഫിസര്‍ എം.ആര്‍. മനോജ്കുമാറിന്‍െറ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരും ആന്‍റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്‍റിന്‍െറ പ്രവര്‍ത്തകരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുക്കും. കേരള ഹൈകോടതി ജഡ്ജി ജ. മുഹമ്മദ് മുസ്താഖ് ഉദ്ഘാടനം നിര്‍വഹിക്കും. കുമ്പളങ്ങി വില്ളേജ് ഓഫിസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ എത്രയും വേഗം കുമ്പളങ്ങി വില്ളേജ് ഓഫിസിലോ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്ത് അംഗങ്ങള്‍ക്കോ സംഘാടകര്‍ക്കോ സമര്‍പ്പിക്കേണ്ടതാണ്. അദാലത്തില്‍ വെച്ച് നിയമപരമായി, നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്, കെട്ടിക്കിടക്കുന്ന പോക്കുവരവ് കേസുകള്‍, പട്ടയത്തിനും സര്‍ട്ടിഫിക്കറ്റിനും മറ്റുമുള്ള അപേക്ഷകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പരാതികളിലും അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത കേസുകളില്‍ ഉചിതമായ സത്വര നടപടികള്‍ തുടര്‍ന്ന് ഉണ്ടായിരിക്കുന്നതാണ്. ഇതേ മാതൃകയില്‍ ജൂലൈ 23ന് എറണാകുളം, എളംകുളം വില്ളേജ് ഓഫിസുകളിലെ പരാതി പരിഹാര അദാലത്ത് നടത്തുന്നതാണ്. തുടര്‍ന്ന് നിശ്ചിത കാലയളവുകളില്‍ തുടര്‍ അദാലത്തുകള്‍ നടത്തി അതാത് വില്ളേജ് ഓഫിസുകളെ അഴിമതിരഹിത കുടിശ്ശികരഹിത ഓഫിസുകളായി പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് എം.ആര്‍. രാമചന്ദ്രന്‍ നായരും ജന. സെക്രട്ടറി സദാനന്ദ ഭട്ടും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.