പെരുമ്പാവൂര്‍ ബൈപാസിന്‍െറ പ്രാരംഭനടപടികള്‍ക്ക് 20 കോടി

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ബൈപാസിന് സര്‍ക്കാര്‍ തുക അനുവദിച്ചു. 20 കോടി രൂപ പ്രാരംഭ നടപടികള്‍ക്ക് അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ബുധനാഴ്ച നിയമസഭയില്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കുകയും ബജറ്റിന്‍െറ നന്ദിപ്രമേയ ചര്‍ച്ചയില്‍ മന്ത്രി ടി.എം. തോമസ് ഐസക് തുക അനുവദിച്ചതായി അറിയിക്കുകയും ചെയ്തു. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ആറ് ബൈപാസുകളുടെ കൂട്ടത്തിലാണ് പെരുമ്പാവൂരിലേതും ഉള്‍പ്പെടുത്തിയത്. മണ്ണൂര്‍-പോഞ്ഞാശേരി റോഡിന്‍െറ നവീക രണത്തിന് 10 കോടിയും അനുവദിച്ചു. ട്രാവന്‍കൂര്‍ റയോണ്‍സിന്‍െറ ബാധ്യതയും തൊഴിലാളികളുടെ വേതനകുടിശ്ശികയും കൊടുത്തുതീര്‍ക്കാന്‍ 71 കോടി അനുവദിച്ചതുള്‍പ്പെടെ മൊത്തം 101 കോടിയാണ് സംസ്ഥാന ബഡ്ജറ്റില്‍ പെരുമ്പാവൂരിനുള്ളത്. നാല് മാസത്തിനുള്ളില്‍ ബൈപാസിന്‍െറ ജോലി ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ എം.എ റോഡിലെയും എം.സി റോഡിലെയും തിരക്കൊഴിഞ്ഞ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ബൈപാസിനുള്ള നിര്‍ദേശമുണ്ടായിരുന്നു. ഇതിനുവേണ്ടി 10 കോടി അനുവദിച്ച് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ചുമതല ഏല്‍പിച്ചിരുന്നു. ഇതിന്‍െറ ഗതിനിര്‍ണയം ഉള്‍പ്പെടെ ജോലികളും കഴിഞ്ഞതാണ്. എന്നാല്‍, റോഡ് കടന്നുപോകുന്ന ചില പ്രദേശങ്ങളില്‍ ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറാകാതെവന്നതോടെ തടസ്സപ്പെടുകയായിരുന്നു. പിന്നീട് ഒരുതവണ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയെങ്കിലും 2014 മാര്‍ച്ചില്‍ കാലാവധി അവസാനിച്ചു. തുടര്‍ന്നാണ് പുതിയ ഭരണാനുമതി ആവശ്യപ്പെട്ട് എം.എല്‍.എ സബ്മിഷന്‍ അവതരിപ്പിച്ചത്. ബൈപാസിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച 10 കോടി മുന്‍ എം.എല്‍.എ സാജു പോള്‍ അദ്ദേഹത്തിന്‍െറ നാടായ വേങ്ങൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച എം.എല്‍.എയെ യു.ഡി.എഫ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.