നിയമസാധുത വനം വകുപ്പ് പരിശോധിക്കുന്നു

കൊച്ചി: അനുമതി നല്‍കി അഞ്ചു വര്‍ഷത്തിനു ശേഷം കാക്കനാട്ടെ കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പില്‍നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ സംസ്ഥാന വനം വകുപ്പ് നിയമസാധുത പരിശോധിക്കും. കെ.ബി.പി.എസ് വളപ്പില്‍നിന്ന് തേക്ക് ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റിയത് സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ അഞ്ചുവര്‍ഷം മുമ്പ് നല്‍കിയ ഉത്തരവിന്‍െറ മറവിലായിരുന്നു. വനം വകുപ്പ് നല്‍കിയ ഉത്തരവ് അഞ്ചു വര്‍ഷത്തിനുശേഷം നടപ്പാക്കിയതിലെ നിയമസാധുതയാണ് സംസ്ഥാന വനം വകുപ്പ് പ്രധാനമായും പരിശോധിക്കുക. രണ്ടര മാസം മുമ്പ് കൊടും വേനലിലാണ് 370 തേക്ക് ഉള്‍പ്പെടെ കെ.ബി.പി.എസ് വളപ്പില്‍നിന്ന് വെട്ടിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ പരിശോധന നടത്തി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനംവകുപ്പിന്‍െറ ഉത്തരവില്‍ മരം മുറിക്കാന്‍ കാലാവധി നിശ്ചയിച്ചിട്ടില്ളെങ്കിലും സാധാരണഗതിയില്‍ അനുമതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുകയാണ് പതിവ്. അനുമതി നല്‍കി അഞ്ചുവര്‍ഷത്തിനു ശേഷം ഉത്തരവ് നടപ്പാക്കിയ കെ.ബി.പി.എസ് അധികൃതരുടെ നടപടി വനം വകുപ്പിന് പരിചിതമല്ലാത്ത രീതിയാണ്. മരം മുറിക്കാന്‍ നല്‍കിയ 2011ലെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്ന മരങ്ങള്‍ അന്ന് മുറിച്ചെടുത്തിരുന്നോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ വ്യക്തമല്ല. മരം മുറിക്കുന്നതിനുമുമ്പ് പരിശോധന നടത്തി കണക്കെടുത്ത് അനുമതി നല്‍കാന്‍ മാത്രമാണ് വനം വകുപ്പിന് നിലവില്‍ അധികാരമുള്ളത്. അനുമതി നല്‍കിയ ശേഷം വെട്ടിയെടുത്ത മരങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. ഇത്തരം നിയമപ്രശ്നങ്ങള്‍ കൂടി പരിശോധിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായാണ് സൂചന. വനം വകുപ്പ് 2011ല്‍ നല്‍കിയ അനുമതി ഉത്തരവില്‍ ഏകദേശം ഒന്നര ലക്ഷം രൂപയാണ് മരങ്ങള്‍ക്ക് വില നിര്‍ണയിച്ചിരുന്നത്. എന്നാല്‍, തേക്ക് മരങ്ങള്‍ക്ക് ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ലക്ഷങ്ങള്‍ വിലമതിക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. പുനര്‍ വിലനിര്‍ണയം നടത്താതെ മരങ്ങള്‍ വെട്ടിയതുകൊണ്ട് വനം വകുപ്പിന് കൃത്യമായ കണക്കെടുക്കാനും സാധിച്ചില്ല. മൂന്നു ലോഡ് മരങ്ങള്‍ വെട്ടിക്കൊണ്ടുപോയതായാണ് കെ.ബി.പി.എസിലെ തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍, മരങ്ങള്‍ മുറിച്ചുകൊണ്ടുപോയതിനും തടി മില്ലില്‍നിന്ന് തിരിച്ചുകൊണ്ടുവന്നതിനും കണക്കുകളില്ളെന്നാണ് തൊഴിലാളികളുടെ ആരോപണം. അതേസമയം, പൊതുസ്ഥലത്തെ മരങ്ങള്‍ മുറിക്കാന്‍ നല്‍കുന്ന അപേക്ഷ പരിഗണിക്കുന്ന പരിസ്ഥിതി കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച് കെട്ടിടനിര്‍മാണത്തിനുള്ള നിര്‍ദിഷ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തിയ ശേഷമാണ് സാധാണ ഗതിയില്‍ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍, കെ.ബി.പി.എസില്‍ ഇത്തരം നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ എന്ന് വ്യക്തമല്ളെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.