കഞ്ചാവ് വില്‍പന; ഇടനിലക്കാരനടക്കം മൂന്നുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ഥികളിലും ഇതര സംസ്ഥാനക്കാര്‍ക്കിടയിലും കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന ഇടനിലക്കാരനടക്കം മൂന്നുപേര്‍ പൊലീസ് പിടിയില്‍. ഇടനിലക്കാരനായ ചേലാമറ്റം ഊറക്കാടന്‍ അന്‍വറിനെ യാണ് കുന്നത്തുനാട് എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമും സംഘവും പിടികൂടിയത്. ചേലാമറ്റം കുന്നക്കാട്ടുമല തേക്കുംകാട്ടില്‍ വീട്ടില്‍ ഗിരീഷ്, ഇടവൂര്‍ കാരിക്കാട്ട് വീട്ടില്‍ രഞ്ജിത് എന്നിവരെ പെരുമ്പാവൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ അന്‍വറില്‍ നിന്ന് പത്തോളം കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. എറണാകുളം അസി. എക്സൈസ് കമീഷണര്‍ എ.എസ്. രഞ്ജിത്തിന്‍െറ നേതൃത്വത്തില്‍ ഷാഡോ എക്സൈസ് സംഘം രണ്ടു ദിവസമായി പെരുമ്പാവൂര്‍ മേഖലയില്‍ നടത്തിയ കോമ്പിങ് ഓപറേഷനില്‍ പിടികൂടിയവരില്‍ നിന്നാണ് അന്‍വറിനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ നിരീക്ഷിച്ച് വരുകയായിരുന്നു. അസി. കമീഷണറുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ മേഖലയിലെ മൊത്ത കച്ചവടക്കാരുടെ വിവരങ്ങള്‍ ലഭിച്ചതായും വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും ഇതര സംസ്ഥാനക്കാര്‍ക്ക് പ്രത്യേക ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അസി. കമീഷണര്‍ അറിയിച്ചു. പെരുമ്പാവൂര്‍ ഭാഗത്ത് കഞ്ചാവ് വലിക്കുന്നതായി വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഗിരീഷിനെയും രഞ്ജിതിനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും 120 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് ചെറു പൊതികളിലാക്കി 500 രൂപ നിരക്കില്‍ ബൈക്കില്‍ വില്‍പന നടത്തുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. രഞ്ജിത്തിനെ ബൈക്കുമായാണ് പിടികൂടിയത്. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍ കെ.ടി. സാജു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജയ് മാത്യൂസ്, അനൂപ്, കുഞ്ഞുമുഹമ്മദ്, ദേദു, രാജേഷ്, വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.