ഫാക്ടില്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം; ദിവസവേതനം 160 രൂപ കൂട്ടി

കളമശ്ശേരി: ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ 30.5 ശതമാനം ഇടക്കാല ആശ്വാസം നല്‍കാന്‍ ഫാക്ട് മാനേജ്മെന്‍റ് തയാറായി. കോര്‍പറേറ്റ് ഓഫിസിലിരുന്ന സി.എം.ഡിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ അര്‍ധരാത്രി നടന്ന ചര്‍ച്ചയിലാണ് തൊഴിലാളിക്ക് ദിവസവേതനം 160 രൂപ കൂട്ടി നല്‍കാന്‍ ധാരണയായത്. മൂന്ന് മാസത്തെ ശമ്പളം കുടിശ്ശികയും നല്‍കും. അതനുസരിച്ച് തൊഴിലാളിക്ക് 13,500 രൂപ ലഭിക്കും. ഇത് വരുന്ന ഓണത്തിന് നല്‍കാനാണ് തീരുമാനം. അടുത്ത എഗ്രിമെന്‍റ് ചര്‍ച്ച ഏപ്രിലില്‍ നടത്താനും ധാരണയായി. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ഫാക്ടിലെ സി.എല്‍.ആര്‍ ജീവനക്കാര്‍ 14 ദിവസമായി അനിശ്ചിതകാല സമരത്തിലായിരുന്നു. ഡെപ്യൂട്ടി ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും ആദ്യം 23 ശതമാനവും രണ്ടാംവട്ട ചര്‍ച്ചയില്‍ 25 ശതമാനം വര്‍ധന നല്‍കാമെന്ന നിലപാടാണ് മാനേജ്മെന്‍റ് സ്വീകരിച്ചത്. ഇത് തൊഴിലാളികള്‍ അംഗീകരിച്ചില്ല. തിങ്കളാഴ്ച രാവിലെ ഫാക്ട് കൊച്ചിന്‍ ഡിവിഷനിലെ ഉള്‍പ്പെടെ മുഴുവന്‍ സി.എല്‍.ആര്‍ ജീവനക്കാരും ഒത്തുകൂടി ഉദ്യോഗമണ്ഡലിലെ കോര്‍പറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ച് ഗേറ്റിന് മുന്നില്‍ പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും അവരുടെ വലയം ഭേദിച്ച് മുന്നോട്ട് നീങ്ങിയ മാര്‍ച്ച് സി.എം.ഡിയുടെ വീടിനു സമീപത്തത്തെി പ്രതിഷേധിച്ചു. മാനേജ്മെന്‍റ് വിട്ടുവീഴ്ചക്ക് തയാറാകാതെ വന്നതോടെ സമരം രാപകല്‍ സമരമാക്കി. രാത്രി പത്തരയോടെ സമരക്കാര്‍ക്കിടയിലത്തെിയ സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് സി.എം.ഡിയുമായി നടത്തിയ ചര്‍ച്ചയിലാണ് ശമ്പള വര്‍ധനക്ക് ധാരണയായത്. ഫാക്ടില്‍ ജോലിയിലിരിക്കെ മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതരെയാണ് സി.എല്‍.ആര്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്ഥിരം ജീവനക്കാരും കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്കും ഒപ്പം തൊഴിലെടുത്ത് വരുന്ന ഇവര്‍ക്ക് കുറഞ്ഞ കൂലി 400 ഉം, കൂടിയത് 525 രൂപയുമാണ്. കോണ്‍ട്രാക്ട് തൊഴിലാളികള്‍ക്ക് 875 രൂപയാണ് ലഭിക്കുന്നത്. 700 രൂപയെങ്കിലു ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ചയില്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്ത് കെ. ചന്ദ്രന്‍ പിള്ള, പി.എസ്. അഷറഫ്, സത്യന്‍ എന്നിവര്‍ പങ്കെടുത്തു. സമരത്തിന് രഘുനാഥ് പനവേലി, പി.എസ്.മുരളി, കെ.എന്‍. ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.