വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ നിരവധി റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ഇ.സി.എന്‍.ആര്‍ സീലുകളും വിതരണം ചെയ്തിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുല്‍ ഗഫൂള്‍ (45), കരിങ്ങാച്ചിറ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനടുത്തുള്ള എസ്.എസ് ട്രാവത്സ് ഉടമ നായരമ്പലം സ്വദേശി സന്തോഷ് (45) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി പാസ്പോര്‍ട്ടുകളും ഡിപ്ളോമ അടക്കമുള്ള നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഇവരെ പിടികൂടിയത്. വ്യാജരേഖ നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി വാട്സ്ആപ് സന്ദേശങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവിടങ്ങളില്‍ ഗഫൂറിനെതിരെ മൂന്നോളം സമാനമായ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍. ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ജി. ബാബുകുമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ഷാഡോ എസ്.ഐ നിത്യാനന്ദന്‍, ഷാഡോ പൊലീസ് അംഗങ്ങളായ അഫ്സല്‍, ഹരിമോന്‍, ജയരാജ്, വിനോദ്, ഷാജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ നിരീക്ഷണം ശക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.