കൈയേറിയ റോഡും നടപ്പാതയും ഒരു മാസത്തിനകം ഒഴിപ്പിക്കും

കൊച്ചി: വ്യാപാര സ്ഥാപനങ്ങളും കെട്ടിട ഉടമകളും പാര്‍ക്കിങ്ങിനും മറ്റും വേണ്ടി കൈയേറിയ റോഡും നടപ്പാതയും ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ കൊച്ചി കോര്‍പറേഷന് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ എം.ജി. രാജമാണിക്യം ഹൈകോടതിയില്‍. പാര്‍ക്കിങ്ങിനായി കെട്ടിട ഉടമകള്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കാന്‍ സമയോചിതമായി കൊച്ചി കോര്‍പറേഷന്‍ ഇടപെട്ടില്ളെന്നും എറണാകുളം എം.ജി റോഡിലെ ഗതാഗതക്കുരുക്കിന്‍െറ പ്രധാന കാരണമിതാണെന്നും വിലയിരുത്തിയാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് കലക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. അനധികൃത കൈയേറ്റത്തിനും നടപ്പാതകളിലെ പാര്‍ക്കിങ്ങിനുമെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി, കാനകളുടെ ശുചീകരണവും സ്ളാബിടലും, നടപ്പാതയിലെ കേടുപാട് തീര്‍ക്കല്‍ എന്നിവ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. സംസ്ഥാനത്താകെയും പ്രത്യേകിച്ച് കൊച്ചി നഗരപരിധിയിലും റോഡുകളില്‍ മരണക്കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ റോഷന്‍ ജേക്കബ് ഉമ്മന്‍ നല്‍കിയ ഹരജിയിലാണ് കലക്ടറുടെ വിശദീകരണം. കൊച്ചി നഗരപരിധിയിലെ റോഡുകളിലെ കുഴികള്‍ അടക്കാനും നടപ്പാതകള്‍ സുരക്ഷിതമാക്കാനും അധികൃതര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച നപടികള്‍ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, വിശാല കൊച്ചി വികസന അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍, ഡി.എം.ആര്‍.സി, കൊച്ചി മെട്രോ എന്നിവര്‍ കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജൂണ്‍ 23ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളും തീരുമാനങ്ങളുമാണ് സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചത്. കലക്ടറുടെ നടപടികളും നിര്‍ദേശങ്ങളും പ്രതീക്ഷ നല്‍കുന്നതാണെന്നും തീരുമാനമെടുത്ത കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനുശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് ആഗസ്റ്റ് നാലിന് പരിഗണിക്കാന്‍ മാറ്റി. മഴക്കാല പൂര്‍വ പദ്ധതികള്‍ കൃത്യസമയത്ത് തുടങ്ങാന്‍ കഴിയാതിരുന്നത് കുഴികള്‍ രൂപപ്പെടാന്‍ ഇടയായതായി കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് ഓരോ വര്‍ഷവും മുന്‍കാലത്തെ അതേ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണം കനത്ത മഴയും മെട്രോ നിര്‍മാണവുമാണെന്നാണ് കൊച്ചി കോര്‍പറേഷന്‍െറ വിശദീകരണം. കനത്ത മഴ നിമിത്തം റോഡുകളില്‍ പുതിയ കുഴികള്‍ രൂപപ്പെടുന്നു. ഫോര്‍ട്ട്കൊച്ചി, വൈറ്റില, ഇടപ്പള്ളി, പള്ളുരുത്തി സോണുകളില്‍ റോഡുകളിലെ കുഴികള്‍ അടച്ചു. സ്ളാബുകള്‍ സ്ഥാപിച്ചു. കാനകളില്‍ നിന്ന് മണ്ണ്നീക്കം ചെയ്തു. കൊച്ചി മെട്രോ നിര്‍മാണത്തിന്‍െറ മാലിന്യങ്ങള്‍ കാനകളില്‍ അടിഞ്ഞു കൂടുന്നതു മൂലം വീണ്ടും കാനകള്‍ അടഞ്ഞതായും കോര്‍പറേഷന്‍ വിശദീകരിക്കുന്നു. നഗരത്തിലെ തകര്‍ന്ന റോഡ്, കാനകള്‍, സ്ളാബ് തുടങ്ങിയവ കണ്ടത്തൊന്‍ ജനപങ്കാളിത്തത്തോടെ സാമൂഹിക മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയുള്ള നെറ്റ്വര്‍ക് സംവിധാനത്തിന് രൂപം നല്‍കും. ബന്ധപ്പെട്ട വകുപ്പുകള്‍ നിരന്തര സ്ഥല സന്ദര്‍ശനം നടത്തി അപാകതകള്‍ അപ്പോള്‍ തന്നെ പരിഹരിച്ചു പോകാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായും കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.