കെ.ബി.പി.എസ് മരംമുറി; അനുമതി വിവാദം കത്തുന്നു

കൊച്ചി: കൊടുംവേനലില്‍ കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പില്‍നിന്ന് തേക്ക് ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റിയത് സംബന്ധിച്ച് വനംവകുപ്പ് പരിശോധന നടത്തും. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ വെള്ളിയാഴ്ച നിദേശം നല്‍കിയിരുന്നു. എറണാകുളം റേഞ്ച് ഓഫിസറോട് കെ.ബി.പി.എസില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കെ.ബി.പി.എസ് വളപ്പിലത്തെി വെട്ടിമാറ്റിയ മരങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് വനം വകുപ്പിന്‍െറ തീരുമാനം. രണ്ടര മാസം മുമ്പ് കൊടും വേനലിലാണ് കെ.ബി.പി.എസ് വളപ്പിലെ 395 മരങ്ങള്‍ വെട്ടി കടത്തിയത്. മഴക്കാലമായതോടെ വെട്ടിയെടുത്ത തേക്കിന്‍ കടകള്‍ കിളിര്‍ത്തു നില്‍ക്കുകയാണ്. പായ് മരങ്ങളുടെ കടകളും വളപ്പില്‍നിന്ന് മാറ്റിയിട്ടില്ല. തെങ്ങിന്‍െറ കടകള്‍ ജെ.സി.ബി ഉപയോഗിച്ച് പിഴുതെടുത്ത് വളപ്പില്‍ തന്നെ തള്ളിയിരിക്കുകയാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. വെട്ടിമാറ്റിയ മരങ്ങള്‍ക്ക് പകരം പത്തിരട്ടി വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിച്ച് പരിപാലിപ്പിക്കാനുള്ള നടപടികളാണ് വനം നിര്‍ദേശിക്കുക. 2005-06 കാലഘട്ടത്തിലാണ് കെ.ബി.പി.എസ് വളപ്പില്‍ തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. ഫലഭൂയിഷ്ഠമായ കെ.ബി.പി.എസ് വളപ്പിലെ മണ്ണില്‍ തേക്ക് വന്‍മരങ്ങളായി വളര്‍ന്നപ്പോഴാണ് അധികൃതര്‍ വെട്ടി മാറ്റിയത്. കൊടും ചൂടില്‍ കെ.ബി.പി.എസ് പരിസരത്തെ മരങ്ങള്‍ അനുഗ്രമായിരുന്നു. വനം വകുപ്പിന്‍െറ പഴയ ഉത്തരവിന്‍െറ മറവില്‍ വളര്‍ന്ന് പന്തലിച്ച മരങ്ങള്‍ക്ക് അന്ന് കണക്കാക്കിയ വിലയല്ല ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ വിലനിര്‍ണയിക്കാതെ വ്യാപകമായി മരങ്ങള്‍ മുറിച്ചെടുത്ത കെ.ബി.പി.എസ് അധികൃതരുടെ നടപടിയും വിവാദമായിട്ടുണ്ട്. അതേസമയം, വളപ്പിലെ മരങ്ങള്‍ വെട്ടിയത് വനം വകുപ്പ് അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണെന്ന് കെ.ബി.പി.എസ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കിയിരുന്നു. 370 ചെറിയ തേക്കുകളും ഏഴ് പ്ളാവുകളും 15 തെങ്ങുകളും മുറിച്ച് മാറ്റാന്‍ 2011 ഡിസംബര്‍ 14ന് എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയിരുന്നു. തൃക്കാക്കര നഗരസഭയുടെ അന്നത്തെ ചെയര്‍മാനും കെ.ബി.പി.എസ് സ്ഥിതി ചെയ്യുന്ന വാര്‍ഡ് കൗണ്‍സിലറും ഡി.എഫ്.ഒയും പരിസ്ഥിതി പ്രവര്‍ത്തകനും ഉള്‍പ്പെടുന്ന പരിസ്ഥിതി കമ്മിറ്റിയും പരിശോധന നടത്തിയാണ് അനുമതി നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.