വൃദ്ധകളെ കബളിപ്പിച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

അങ്കമാലി: ആശുപത്രികളിലും ആരാധനാലയങ്ങളിലും ഒറ്റക്ക് എത്തുന്ന വൃദ്ധകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും അപഹരിച്ചിരുന്ന യുവതിയെ അങ്കമാലി പൊലീസ് പിടികൂടി. അടുത്തിടെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ വൃദ്ധയുടെ ആഭരണങ്ങള്‍ അപഹരിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തൃശൂര്‍ കുന്നത്തങ്ങാടി അരിമ്പൂര്‍ കരുതുകുളങ്ങര പല്ലിശ്ശേരി വീട്ടില്‍ ബെന്നിയുടെ ഭാര്യ ഓമനയെന്ന മറിയാമ്മയാണ് (37) പിടിയിലായത്. ആശുപത്രികളിലും ആരാധനാലയങ്ങളിലും ചുറ്റിക്കറങ്ങി ഒറ്റക്കിരിക്കുന്ന വൃദ്ധകളെ നുണകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ത ട്ടിപ്പ് നടത്തിയിരുന്നത്. സൗജന്യ ചികിത്സയും ധനസഹായവും ലഭ്യമാക്കാമെന്നുപറഞ്ഞ് അടുത്തുകൂടുന്ന ഇവര്‍ ആശുപത്രി ഡയറക്ടറുടെ മുറിയിലേക്ക് പോകാമെന്ന് പറഞ്ഞ് ആഭരണങ്ങള്‍ ബാത്ത് റൂമില്‍ കയറ്റി ഊരി വാങ്ങും. പിന്നീട് ഡയറക്ടറെ കണ്ട് സംസാരിച്ച് വരാമെന്ന് പറഞ്ഞ് മുങ്ങുകയാണ് പതിവ്. കഴിഞ്ഞ മാസം അങ്കമാലി തുറവൂര്‍ ഉതുപ്പന്‍കവല സ്വദേശിനി ആലിസിന്‍െറ ആറ് പവന്‍ ആഭരണമാണ് ഇത്തരത്തില്‍ കവര്‍ച്ച ചെയ്തത്. തുടര്‍ന്ന് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എ.കെ. വിശ്വനാഥന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ആശുപത്രിയുടെ മുന്‍വശത്തെ കച്ചവട സ്ഥാപനത്തിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് വിദഗ്ധമായി നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. രണ്ടുവര്‍ഷം മുമ്പ് പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശിനി മേരിയുടെ മാലയും രണ്ട് വളകളും ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ട്. 2014 ല്‍ മേയ്ക്കാടുള്ള അന്നമ്മയുടെ മൂന്ന് പവന്‍ ആഭരങ്ങളും 2015ല്‍ അങ്കമാലി പുളിയനം സ്വദേശിനി ലക്ഷ്മിയുടെ മൂന്ന് പവനും ഒരു വര്‍ഷം മുമ്പ് കറുകുറ്റി സ്വദേശിനി സുഭദ്രയുടെ നാല് പവനും കവര്‍ച്ച ചെയ്തതായി തെളിഞ്ഞു. സമാന രീതിയില്‍ ഏതാനും മാസം മുമ്പ് ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രി പരിസരത്തുനിന്ന് ചാലക്കുടി സ്വദേശിനികളായ റോസയുടെ അഞ്ച് പവന്‍ മാലയും, ഏലിക്കുട്ടിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സക്കത്തെിയ കുട്ടിയുടെ സ്വര്‍ണ പാദസരം കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഇവര്‍ ശിക്ഷ അനുഭവിച്ചിരുന്നു. കവര്‍ച്ചയിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് വാടക വീടുകളില്‍ മാറി മാറി താമസിച്ച് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ പി.എച്ച്. സമീഷ്, എസ്.ഐ വി.എം. രാജന്‍, എ.എസ്.ഐ സുകേശന്‍, സുരേഷ്, സി.പി.ഒ ജിസ്മോന്‍, സിന്ധു, നിഷ, ശരണ്യ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് സമാന രീതിയില്‍ അരങ്ങേറിയ പല തട്ടിപ്പ് കേസുകളിലും പ്രതി ഉള്‍പ്പെട്ടതായും പൊലീസ് സൂചന നല്‍കി. കൂടുതല്‍ അന്വേഷണത്തിന് റൂറല്‍ എസ്.പി. പി.എന്‍. ഉണ്ണിരാജന്‍, ആലുവ ഡിവൈ.എസ്.പി വൈ.ആര്‍.റസ്റ്റം, പുതുതായി ചുമതലയേറ്റ അങ്കമാലി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.