കാന്‍സര്‍ സെന്‍ററില്‍ അവ്യക്തത

കൊച്ചി: ജില്ല ഏറെ പ്രതീക്ഷിച്ച കാന്‍സര്‍ സെന്‍ററിന്‍െറ കാര്യത്തില്‍ അവ്യക്തത. എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിച്ച വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ക്കും തുകയൊന്നും വകയിരുത്തിയിട്ടില്ല. മധ്യകേരളത്തിലെ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി എറണാകുളത്ത് കാന്‍സര്‍ സെന്‍റര്‍ നിര്‍മിക്കണമെന്നത് വി.ആര്‍. കൃഷ്ണയ്യര്‍ മുന്നോട്ടുവെച്ച ആശയമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വിവിധ ബജറ്റുകളിലായി 20 കോടി നീക്കിവെച്ചിരുന്നെങ്കിലും കാര്യമായ പ്രവര്‍ത്തനമൊന്നും ആരംഭിച്ചിരുന്നില്ല. തോമസ് ഐസക്കിന്‍െറ ബജറ്റില്‍ കൊച്ചി കാന്‍സര്‍ സെന്‍ററിനെപ്പറ്റി ചെറുതായി ഒന്ന് പറഞ്ഞുപോകുന്നതേയുള്ളൂ. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് നീക്കിവെച്ച 1000 കോടിയില്‍നിന്ന് കൊച്ചി കാന്‍സര്‍ സെന്‍ററിന് അടിസ്ഥാനസൗകര്യമൊരുക്കുമെന്ന് മാത്രമാണ് നിര്‍ദേശം. എന്നാല്‍, കാന്‍സര്‍ സെന്‍ററിന് മാത്രമായി തുക നീക്കിവെക്കാത്തത് തിരിച്ചടിയായെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതേസമയം, ആരോഗ്യമേഖലക്കുള്ള 1000കോടിയിലെ കോര്‍പ്പസ് ഫണ്ടില്‍നിന്ന് ന്യായമായ തുക കിട്ടുമെന്നതാണ് സര്‍ക്കാര്‍ അനുകൂലപക്ഷം ഉയര്‍ത്തിക്കാട്ടുന്ന പ്രതീക്ഷ. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പാലങ്ങള്‍ നിര്‍മിക്കുമെന്നത്. സര്‍ക്കാറിന്‍െറ അവസാനകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ഉദ്ഘാടന-ശിലാസ്ഥാപന മാമാങ്കങ്ങളില്‍ ഈ മേല്‍പാലങ്ങളും ഉള്‍പ്പെട്ടിരുന്നു. ടെന്‍ഡര്‍പോലുമാകുന്നതിന് മുമ്പായിരുന്നു ഈ ശിലാസ്ഥാപനങ്ങള്‍. എന്നാല്‍, പിണറായി സര്‍ക്കാറിന്‍െറ കന്നി ബജറ്റില്‍ ഈ മേല്‍പാലങ്ങളെപ്പറ്റി മിണ്ടുന്നതേയില്ല. ചേരാനല്ലൂരിനുമാത്രമായി കുടിവെള്ള പദ്ധതി, തമ്മനം-പുല്ളേപ്പടി-സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിന്‍െറ വികസനം, ഗോശ്രീ-മാമംഗലം റോഡ് വികസനവും ഭൂമി ഏറ്റെടുക്കലും, ഇടപ്പള്ളി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.