മൂവാറ്റുപുഴയില്‍ ഡി.വൈ.എഫ്.ഐ സമരം അക്രമാസക്തമായി

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴയില്‍ നടത്തിയ പ്രതിഷേധ സമരം അക്രമാസക്തമായി. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നടത്തിയ കരിങ്കൊടി കെട്ടി പ്രതിരോധിക്കല്‍ സമരത്തിന്‍െറ ഭാഗമായി എക്സൈസ് ഓഫിസില്‍ കരിങ്കൊടി കെട്ടാന്‍ എത്തിയതായിരുന്നു പ്രവര്‍ത്തകര്‍. മൂവാറ്റുപുഴ എക്സൈസ് ഓഫിസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ കസേരകളും ജനല്‍ ചില്ലുകളും തകര്‍ത്തു. പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ ബ്ളോക് സെക്രട്ടറിയടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആ സമയത്ത് കുറച്ച് പൊലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തകര്‍ കയറിയതോടെ എക്സൈസുകാര്‍ വാതിലടച്ചു. ഇതോടെ ചില പ്രവര്‍ത്തകര്‍ പുറത്തിട്ടിരുന്ന കസേരകള്‍ തകര്‍ത്തു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസത്തെി ലാത്തിവീശി. ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറി സജി ജോര്‍ജ്, പ്രസിഡന്‍റ് ആര്‍. രാകേഷ്, സി.സി. ഉണ്ണികൃഷ്ണന്‍, സജി ഏലിയാസ്, ഫെബിന്‍ പി. മൂസ, അനീഷ് മാത്യു, പ്രമോദ് എന്നിവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എം. ഇസ്മായില്‍, ഏരിയാ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.എന്നാല്‍, ഓഫിസ് ജനാലയില്‍ കരിങ്കൊടി കെട്ടിയശേഷം പ്രതിഷേധ യോഗം ചേരുകയായിരുന്ന തങ്ങളെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.