ഉദ്യോഗസ്ഥര്‍ മനുഷ്യത്വപരമായി പെരുമാറണം –കലക്ടര്‍

കാക്കനാട്: ജനകീയ വിഷയങ്ങളില്‍ ആഞ്ഞടിച്ച് ജില്ലാ വികസന സമിതിയോഗം. സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫിസ് പടികള്‍ കയറി അലയാന്‍ ഇടയാക്കുന്നത് ഉദ്യോഗസ്ഥരുടെ മനോഭാവത്തിന്‍െറ പ്രശ്നമാണെന്ന് കലക്ടര്‍ എം.ജി. രാജമാണിക്യം. നിര്‍ധനരായ ആളുകളുടെ ഭവന ധനസഹായ പദ്ധതികള്‍ ഇല്ലാതാക്കുന്ന വിധത്തിലെ നടപടി അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ഡി.ഒ ഓഫിസുകളും കൃഷി ഓഫിസുകളും ഈ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഴക്കമ്പലം-പട്ടിമറ്റം പി.ഡബ്ള്യു.ഡി റോഡ് നിര്‍മാണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയ കലക്ടര്‍ നിര്‍മാണം പുനരാരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ആലുവ താലൂക്ക് ആശുപത്രിയില്‍ ഹീമോഫീലിയ രോഗികള്‍ക്ക് ലിഫ്റ്റ് നിര്‍മിക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് നിര്‍ദേശം നല്‍കിയിട്ടും യാഥാര്‍ഥ്യമാകാത്തത് ഗുരുതര വീഴ്ചയായി യോഗം വിലയിരുത്തി. കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിവരുന്ന ‘എന്‍െറ കുളം എറണാകുളം’ പദ്ധതിയെ ബെന്നി ബഹന്നാന്‍ എം.എല്‍.എ അഭിനന്ദിച്ചു. പ്രത്യേക ഫണ്ടില്ലാതെ നടത്തുന്ന പദ്ധതി സന്നദ്ധസേവനമായാണ് മുന്നേറുന്നതെന്ന് പറഞ്ഞ കലക്ടര്‍ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കുളങ്ങള്‍ നശിക്കുന്നത് നിസ്സാര സാങ്കേതിക കാരണങ്ങളാല്‍ അവയുടെ ഉപയോഗം ഇല്ലാതാകുമ്പോഴാണെന്നും ചൂണ്ടിക്കാട്ടി. ബ്രോഡ്വേയിലെ അനധികൃത പാര്‍ക്കിങ്ങും കച്ചവടവും കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന വിഷയത്തില്‍ ആര്‍.ടി.ഒ, കൊച്ചിന്‍ കോര്‍പറേഷന്‍, പൊലീസ് എന്നിവര്‍ സംയുക്ത അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു. അപകടമുണ്ടായതിനത്തെുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശം നിഷേധിച്ച മുളംകുഴി വിനോദകേന്ദ്രം സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വനമേഖലകളില്‍ കൂടുതല്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ആലുവ, കോതമംഗലം താലൂക്കുകളിലെ വനമേഖലയോട് ചേര്‍ന്നുള്ള ജണ്ടക്ക് പുറത്തെ കുടുംബങ്ങളെ കണക്കാക്കി അര്‍ഹരായവര്‍ക്ക് പട്ടയം ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. റവന്യൂ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് ഫോറസ്റ്റ് വകുപ്പുമായുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് മാര്‍ഗങ്ങള്‍ യോഗം ആരാഞ്ഞു. ഫോറസ്റ്റ് വകുപ്പിന്‍െറ ഭാഗത്തുനിന്നുള്ള കാലതാമസംമൂലം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അര്‍ഹമായ ഭവനസഹായ പദ്ധതികള്‍ ഇല്ലാതാകുന്ന അവസ്ഥയാണെന്ന് എം.എല്‍.എ ജോസഫ് വാഴക്കന്‍ കുറ്റപ്പെടുത്തി. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, ജോസഫ് വാഴക്കന്‍, ബെന്നി ബഹനാന്‍, ജോസ് തെറ്റയില്‍, ലൂഡി ലൂയിസ്, ടി.യു. കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരള്‍ച്ച അടുത്തുവരുന്ന സാഹചര്യത്തില്‍ ജലവിതരണത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.