അനധികൃത ഹോം സ്റ്റേകള്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: ഫോര്‍ട്ട്കൊച്ചി സബ് ഡിവിഷനില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ അടച്ചുപൂട്ടിക്കാന്‍ സബ് കലക്ടര്‍ എസ്. സുഹാസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നിലവിലെ ഹോം സ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്‍െറ ക്ളാസിഫിക്കേഷന്‍ നേടാന്‍ ഒരുമാസം സമയം അനുവദിക്കും. ഇതുസംബന്ധിച്ച് ഏറ്റവും പുതിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് ക്ളാസിഫിക്കേഷന് ശിപാര്‍ശ ചെയ്യില്ല. ക്ളാസിഫിക്കേഷനില്ലാത്തവരെ ഹോം സ്റ്റേ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ളെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.ഹോം സ്റ്റേകളുടെ നടത്തിപ്പുകാര്‍ കുടുംബത്തോടൊപ്പം അവിടെ താമസക്കാരായിരിക്കണം. മൂന്നുവര്‍ഷത്തില്‍ കുറഞ്ഞ കാലയളവില്‍ വാടകക്കോ പാട്ടത്തിനോ നല്‍കിയിരിക്കുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഹോം സ്റ്റേ ക്ളാസിഫിക്കേഷന്‍ നല്‍കില്ല. ക്ളാസിഫിക്കേഷനായി ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ ഫെബ്രുവരി രണ്ടാംവാരത്തില്‍ പരിശോധന പൂര്‍ത്തിയാക്കും. ഹോം സ്റ്റേകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്നും സബ് കലക്ടര്‍ അറിയിച്ചു. പൊലീസിന്‍െറയും തദ്ദേശ സ്ഥാപനത്തിന്‍െറയും അനുമതിയും ഹോം സ്റ്റേ നടത്തിപ്പിന് നിര്‍ബന്ധമാണ്. ആറു മുറികളില്‍ കൂടുതല്‍ ഹോം സ്റ്റേയായി പരിഗണിക്കില്ല. ഇവ ലോഡ്ജിന്‍െറ ഗണത്തില്‍പ്പെടും. ക്ളാസിഫിക്കേഷനില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഹോം സ്റ്റേ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സബ് കലക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ 68 ഹോം സ്റ്റേകള്‍ക്കാണ് ഫോര്‍ട്ട്കൊച്ചിയില്‍ ക്ളാസിഫിക്കേഷനുള്ളത്. 18 ഹോം സ്റ്റേകളെ ക്ളാസിഫിക്കേഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 24 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാകാനുണ്ട്. ഹോം സ്റ്റേ ഉടമസ്ഥര്‍ക്കായി പ്രത്യേക ഓറിയന്‍േറഷന്‍ പ്രോഗ്രാം നടത്താനും യോഗം തീരുമാനിച്ചു. അംഗീകൃത ഹോം സ്റ്റേകളുടെ പട്ടിക പൊലീസിന് കൈമാറും. അസി. പൊലീസ് കമീഷണര്‍ ജി. വേണു, കൗണ്‍സിലര്‍ ഷൈനി മാത്യു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍, ഡി.ടി.പി.സി ജനറല്‍ മാനേജര്‍ വിജയകുമാര്‍, ഹാറ്റ്സ് സെക്രട്ടറി എം.പി. ശിവദത്തന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.