പെരിയാര്‍ വാലി കനാല്‍ മാലിന്യകേന്ദ്രമാകുന്നു; കര്‍ഷകരും പരിസരവാസികളും ദുരിതത്തില്‍

ആലുവ: ചൂണ്ടി മേഖലയില്‍ പെരിയാര്‍ വാലി കനാല്‍ മാലിന്യകേന്ദ്രമായ് മാറുന്നു. ഇതോടെ കനാല്‍ പരിസരത്തെ താമസക്കാരും കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്. കനാലിലെ നെറ്റുകളിലാണ് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ നിന്നടക്കം വരുന്ന മാലിന്യങ്ങളാണ് ഇവിടെ നെറ്റുകള്‍ സ്ഥാപിച്ച ഭാഗങ്ങളില്‍ വന്നടിയുന്നത്. മാലിന്യം അടിഞ്ഞുകൂടിയ പ്രദേശങ്ങളില്‍ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ ദുരിതത്തിലാണ്. കഴിഞ്ഞ വര്‍ഷം ആലുവ നഗര പരിധിയിലെ കനാലില്‍ ഇത്തരത്തില്‍ മാലിന്യം വന്നടിഞ്ഞിരുന്നു. തുടര്‍ന്ന് മാലിന്യം കോരി കരയിലിടാന്‍ ശ്രമിച്ചത് നഗരസഭ തടയുകയും ചെയ്തിരുന്നു. ദിവസങ്ങളോളം കനാലിലൂടെ വെള്ളം വിടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അന്നുണ്ടായത്. പ്രശ്നപരിഹാരത്തിനായാണ് ചൂണ്ടി അടക്കമുള്ള പ്രദേശത്ത് നെറ്റ് സ്ഥാപിച്ചത്. എന്നാല്‍, പെരുമ്പാവൂര്‍ മേഖലയില്‍ നെറ്റുകള്‍ സ്ഥാപിക്കാത്തതിനാല്‍ ഇത്രയും ഭാഗത്തെ മാലിന്യം കനാലിലൂടെ ഒഴുകിയത്തെും. വെള്ളം തുറന്നുവിടുന്നതിന് മുമ്പ് അധികൃതര്‍ വേണ്ടവിധം കനാല്‍ വൃത്തിയാക്കാത്തതാണ് മാലിന്യപ്രശ്നം രൂക്ഷമാക്കിയത്. കനാലുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെയും നടപടിയില്ലാത്ത അവസ്ഥയാണ്. മാലിന്യം അടിഞ്ഞ് കൃത്യമായി വെള്ളം ലഭിക്കാതാവുന്നതോടെ പ്രദേശത്തെ കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.