കൊച്ചി: സ്കൂള്‍ തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ‘ഇ മോഡ്’ സ്വന്തമാക്കി പുസ്തക സഞ്ചികള്‍ ഉപേക്ഷിക്കാം. നോട്ട് പുസ്തകങ്ങള്‍, പഠനസഹായികള്‍, ടെക്സ്റ്റ് പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം അടങ്ങിയ സോഫ്ട്വെയറിന് കെ.എം. മുര്‍ഷാദ്, മുഹമ്മദ് സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലെ സഹകരണ സ്ഥാപനം രൂപംനല്‍കി. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് ഇന്‍ഫ്രാടെക് കോ ഓപറേറ്റിവ് ലിമിറ്റഡ് (ഇ.ഐ.എന്‍.എഫ്.സി.ഒ ലിമിറ്റഡ്) ആണ് ‘ഇ മോഡ്’ എന്ന പേരില്‍ ഈ സോഫ്ട്വെയര്‍ അടങ്ങിയ ടാബ് രൂപകല്‍പന ചെയ്തത്. എല്‍.കെ.ജി വിദ്യാര്‍ഥികള്‍ക്കുവരെ അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഇതിന്‍െറ രൂപകല്‍പനയെന്ന് മുര്‍ഷാദും മുഹമ്മദ് സിദ്ദീഖും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലത്ത് വീഴുകയോ എറിയുകയോ ചെയ്താല്‍പോലും ചിപ്പിനോ സോഫ്ട്വെയറിനോ കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള പ്രത്യേക കവറോടുകൂടിയ ഇതിന് മൂന്ന് വര്‍ഷത്തെ വാറന്‍റിയും നിര്‍മാതാക്കള്‍ നല്‍കുന്നു. കേടായ ടാബ് മണിക്കൂറുകള്‍ക്കകം മാറ്റി നല്‍കുന്നതിന് എല്ലാ ഉപ വിദ്യാഭ്യാസ ജില്ലകളിലും ഓരോ പ്രാദേശിക കേന്ദ്രങ്ങളും ഉണ്ടായിരിക്കും. അധ്യാപകരെ ഈ സോഫ്ട്വെയറിനെക്കുറിച്ച് ബോധവത്കരിക്കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി. എ.എ.എം അസോസിയേറ്റ്സ്, ഫിനാടെല്‍, എയര്‍ടെല്‍ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ടാബുകള്‍ നിര്‍മിക്കുന്നത്. 10.1 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ളേ സ്ക്രീനാണ് ടാബുകള്‍ക്കുള്ളത്. അധ്യാപക-രക്ഷാകര്‍തൃ-വിദ്യാര്‍ഥി ബന്ധം കൂടുതല്‍ സുതാര്യമാക്കുന്നതിനും ടാബുകള്‍ ഉപകരിക്കുമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഓരോ ചലനവും തത്സമയം അധികൃതര്‍ക്ക് അറിയാന്‍ കഴിയും എന്നതാണ് ടാബിന്‍െറ മറ്റൊരു പ്രത്യേകത. സൊസൈറ്റി ഓഫിസ് കലൂര്‍ പെന്‍റാ ടവറില്‍ വ്യാഴാഴ്ച മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.